high-court

കൊച്ചി: കാട്ടാക്കടയിൽ മകളുടെ കൺസഷൻ കാർഡ് പുതുക്കാൻ വന്ന പിതാവിനെ മർദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആർ ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.


അക്രമികൾ ഒളിവിലാണെന്നും, അവരുടെ ഫോണുകൾ സ്വിച്ച് ഓഫാണെന്നുമാണ് സർക്കാർ കോടതിയിൽ നൽകിയ വിശദീകരണം. അതേസമയം, സംഭവത്തിൽ കെ എസ് ആർ ടി സി എം ഡി ഖേദം പ്രകടിപ്പിച്ചതിനെ കോടതി പ്രശംസിച്ചു. ചിലർ മോശമായി പെരുമാറുമ്പോൾ എല്ലാവരും മോശക്കാരായി മാറുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ പിതാവിനെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന മെക്കാനിക്ക് അജിയെ ഇന്നലെ പ്രതി ചേർത്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നാണ് അജിയെ തിരിച്ചറിഞ്ഞത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയ ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനനാണ് മർദനമേറ്റത്.

പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കെ എസ് ആർ ടി സി ജീവനക്കാരൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ഇത് ആവശ്യമില്ലെന്നും പ്രേമനനൻ മറുപടി നൽകിയതോടെയാണ് വാക്കേറ്റവും മർദ്ദനവും ഉണ്ടായത്.