nia

കൊച്ചി: റെയ്‌ഡിനിടെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കൊച്ചി പ്രത്യേക എൻ ഐ എ കോടതിയാണ് പ്രതികളെ ഈ മാസം മുപ്പതിന് രാവിലെ പതിനൊന്നുവരെ കസ്റ്റഡിയിൽവിട്ടത്.

അതേസമയം, കോടതി വളപ്പിൽവച്ച് പ്രതികൾ മുദ്രാവാക്യം വിളിച്ചു. കോടതി വളപ്പ് പ്രതിഷേധത്തിനുള്ള വേദിയാക്കരുതെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും കോടതി ശാസിച്ചു. സുപ്രീം കോടതി മാർഗനിർദേശം അനുസരിച്ചായിരിക്കണം നേതാക്കളുടെ ചോദ്യം ചെയ്യലെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് എൻ ഐ എ തെളിവെടുപ്പ് നടത്തിയേക്കും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായിൽ ബീഹാറിൽ നടന്ന റാലിക്കിടെ മോദിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.