5

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയ്ക്ക് കുതിപ്പേകാനായി രാജ്യത്ത് 5ജി ടെലികോം സേവനത്തിന് ഒക്‌ടോബർ ഒന്നിന് തുടക്കമാകും. ഒക്‌ടോബർ ഒന്നുമുതൽ നാലുവരെ ഡൽഹി പ്രഗതി മൈദാനിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐ.എം.സി) ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ 5ജി സേവനത്തിനും ഔദ്യോഗികമായി തുടക്കമിടും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്‌നോളജി,​ ടെലികോം,​ മീഡിയ എക്‌സിബിഷനാണ് ഐ.എം.സി. 5ജി സ്‌പെക്‌ട്രം ലേലം കഴിഞ്ഞമാസം ഒന്നിന് കേന്ദ്രം പൂർത്തിയാക്കിയിരുന്നു. 1.50 ലക്ഷം കോടി രൂപയാണ് ലേലത്തിലൂടെ സമാഹരിച്ചത്.

2023ഓടെ രാജ്യം മുഴുവൻ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 13 നഗരങ്ങളിലാകും സേവനം. ഇതിൽ കേരളത്തിലെ നഗരങ്ങളില്ല. ദീപാവലിയോടെ ഡൽഹി,​ മുംബയ്,​ കൊൽക്കത്ത,​ ചെന്നൈ എന്നിവിടങ്ങളിൽ 5ജി ലഭ്യമാക്കുമെന്ന് ലേലത്തിൽ ഏറ്റവുമധികം തുക (88,​000 കോടി രൂപ)​ ചെലവിട്ട റിലയൻസ് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

പത്തിരട്ടി വേഗം

 4ജിയേക്കാൾ പത്തിരട്ടി വേഗം. ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി, ഗെയിമിംഗ്,​ മാനുഫാക്‌ചറിംഗ്,​ വാഹനം തുടങ്ങിയ മേഖലകൾക്ക് കുതിപ്പാകും

 ജിയോ,​ എയർടെൽ,​ വീ എന്നിവ വൈകാതെ 5ജി പ്ളാനുകൾ പുറത്തിറക്കിയേക്കും. 4ജിയേക്കാൾ 10-20 ശതമാനം അധികമായിരിക്കും വില