ss

ചെന്നൈ: സ്ത്രീധനം കുറഞ്ഞെന്നാരോപിച്ച് തന്നെ പുറത്താക്കിയ ഭർത്തൃവീടിന്റെ മുറ്റത്ത് 20 ദിവസം പാചകം ചെയ്ത് താമസിച്ച യുവതി ഒടുവിൽ വാതിൽ കമ്പിപ്പാരയ്‌ക്ക് പൊളിച്ച് അകത്തു കയറി. തമിഴ്നാട്ടിലെ തിരുവാറൂർ ജില്ലയിലുള്ള മയിലാടുതുറൈ സ്വദേശി പ്രവീണയാണ് (30) ഭർത്താവ് നടരാജന്റെ (32) വീടിന്റെ വാതിൽ പൊളിച്ചത്. നടരാജ് ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

2021 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. 24 പവൻ സ്വ‌ർണവും ബുള്ളറ്റ് ബൈക്കും മൂന്നു ലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ മൂന്നു മാസം കഴിഞ്ഞപ്പോൾ സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് നടരാജന്റെ വീട്ടുകാർ പ്രവീണയെ പീഡിപ്പിക്കാൻ തുടങ്ങി. മൂന്നാഴ്ച മുമ്പ് നടരാജൻ സ്ഥലത്തില്ലാതിരുന്ന സമയത്താണ് പ്രവീണയെ വീട്ടിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് വീട് പൂട്ടി ഇറങ്ങിയ ഭർത്തൃകുടുംബം ബന്ധുവിന്റെ വീട്ടിലേക്ക് മാറി. തുടർന്ന് മയിലാത്തുറൈ ഡി.എസ്‌.പി വസന്തരാജിന് പ്രവീണ പരാതി നൽകി.

അതേസമയം കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും മടങ്ങിപ്പോയി. ഇതിൽ പ്രകോപിതയായ പ്രവീണ നാട്ടുകാരുടെ സാന്നിദ്ധ്യത്തിലാണ് വാതിൽ പൊളിച്ച് വീട്ടിൽ കയറിയത്. നാളുകളായി തന്റെ ഭർത്താവിന്റെ വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തണമെന്നുമാണ് പ്രവീണ പൊലീസിനോട് ആവശ്യപ്പെട്ടത്. കൂടാതെ ഭർത്താവ് തന്നെ വേണ്ടെന്നു പറഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങാമെന്നും അവർ പൊലീസിനെ അറിയിച്ചു.