
മലയാളിയായ ഇന്ത്യൻ ഹോക്കി ടീം താരം പി. ആർ ശ്രീജേഷ് ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിച്ചതായി അറിയിച്ച് ഇൻഡിഗോ എയർലൈൻസ്. ഹോക്കി സ്റ്റിക്ക് അടക്കമുള്ള കിറ്റ് വിമാനത്തിൽ കൊണ്ട് പോകാൻ ഇൻഡിഗോ അധിക നിരക്ക് ഈടാക്കിയതായി മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയായ ശ്രീജേഷ് നേരത്തെ ആരോപിച്ചിരുന്നു. ഹോക്കി കിറ്റിനായി ഇൻഡിഗോ 1500 രൂപ പ്രത്യേകം ഈടാക്കിയതിന്റെ ചിത്രങ്ങൾ അടക്കം താരം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതിന് മറുപടിയായുള്ള ശ്രീജേഷ് ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ട്വീറ്റിൽ ആണ് പ്രശ്നത്തിന് പരിഹാരം കണ്ടതായി ഇൻഡിഗോ അറിയിച്ചത്.

"താങ്കൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഞങ്ങൾ ഖേദിക്കുന്നു, താങ്കൾ പ്രശ്നത്തെ കുറിച്ച് ബോധവാനായി എന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ നേട്ടങ്ങളിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. ഞങ്ങളോടൊപ്പം വീണ്ടും യാത്ര ചെയ്യാനായി താങ്കളെ സ്വാഗതം ചെയ്യുന്നു" ഇൻഡിഗോ ട്വിറ്ററിൽ കുറിച്ചു.
Thank you for meeting with us. We regret the inconvenience caused and hope we were able to make you understand the situation. We are extremely proud of your sporting achievements and look forward to welcoming you onboard again soon. ~Team IndiGo pic.twitter.com/0oteE7pBFZ
— IndiGo (@IndiGo6E) September 24, 2022
2020ൽ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു പി ആർ ശ്രീജേഷ്, വേൾഡ് ഗെയിംസ് അത്ലീറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ്.