
ആരാണ് യാത്രകൾ ഇഷ്ടപ്പെടാത്തത്, കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചകൾക്കായി നമ്മൾ എത്ര ദൂരവും പോകും. കാറിലും ബൈക്കിലും യാത്ര ചെയ്യാൻ നമ്മൾ തയ്യാറാണ്. എന്നാൽ ഇന്ന് സൈക്കിളിൽ പോലും യാത്രയുടെ രസം പിടിച്ച് ചുറ്റുന്നവർ ഏറെയാണ്. മലയാളികൾക്ക് യാത്രയിൽ വിപ്ലവം തീർക്കാൻ കിലോമീറ്ററുകൾ താണ്ടി മല കയറണമെന്നില്ല. കേരളത്തെ ഒന്ന് അടുത്തറിഞ്ഞ് കണ്ടാൽ മാത്രം മതി. അവിശ്വസനീയമായ അനുഭവങ്ങളാണ് കേരളത്തിലെ യാത്രകൾക്കുള്ളത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ മാന്ത്രിക സൗന്ദര്യം ആസ്വദിക്കാൻ വരൂ, നമുക്കൊരു വൺ ഡേ ട്രിപ്പിന് പോകാം.
കൊച്ചി
അലസമായ വിശ്രമത്തിന് പറ്റിയ സ്ഥലമാണ് കൊച്ചി. പോഷ് കഫേകളും, ബീച്ചുകൾ, കായൽ തീരങ്ങൾ, ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ, മട്ടാഞ്ചേരി പാലസ്, ചെറായി ബീച്ച്, സിനഗോഗ്, ഹിൽ പാലസ് മ്യൂസിസം, ഇരിങ്ങോൾ കാവ്, ബോൾഗാട്ടി പാലസ്, വില്ലിംഗ് ടൺ ഐലൻഡ് തുടങ്ങി നിരവധി എണ്ണമറ്റ കാഴ്ചകളുടെ കേന്ദ്രമാണ് കൊച്ചി. നഗരത്തിന്റെ തിരക്കുകളിൽ നിന്നുകൊണ്ട് യാത്രകളെ ആഘോഷിക്കാനും ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കാനും ഏകാന്തത ആസ്വദിക്കാനും പറ്റിയ ഇടമാണ് കൊച്ചി. പരമ്പരാഗത രീതിയിലുള്ള ചീനവലക്കാഴ്‌ചകളും കൊച്ചിയുടെ മാത്രം പ്രത്യേകതയാണ്. ജൂതർ, പോർച്ചുഗീസ്, ബ്രിട്ടീഷ്, അറബ് സ്വാധീനത്തിന്റെ ബാക്കിപത്രവും കൊച്ചിയിൽ കാണാനാകും.
തൃശൂർ
പൂരങ്ങളുടെ നാടാണ് തൃശൂർ. തൃശൂരിലെ ഏറ്റവും വലിയ കാഴ് തൃശൂർ പൂരം തന്നെ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഉത്സവ സീസണുകളിൽ ആഘോഷത്തിന്റെ പെരുമഴയാണ് കാഴ്ചവയ്ക്കുന്നത്. ആനപരിപാലന കേന്ദ്രങ്ങൾ,

മൃഗശാല, ഹെറിറ്റേജ് ഗാർഡൻ, പുരാവസ്തു മ്യൂസിയങ്ങൾ, ശക്തൻ തമ്പുരാൻ കൊട്ടാരം, വടക്കും നാഥ ക്ഷേത്രം തുടങ്ങിയവയും തൃശൂർ നഗരത്തിലെ പ്രധാന ആകർഷണങ്ങളാണ്. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും അതിമനാേഹരമായ ചാലക്കുടിപ്പുഴയുടെ തീരങ്ങളും യാത്രയ്ക്ക് പറ്റിയ ഇടം തന്നെയാണ്.
ആലപ്പുഴ

ഏറ്റവും മികച്ച ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണ് ആലപ്പുഴ. ഉഷ്ണമേഖലാ പച്ചപ്പ്, സുന്ദരമായ തുരുത്തുകളിലെ ഗ്രാമങ്ങൾ, ചുറ്റിപിണഞ്ഞു കിടക്കുന്ന ജലപാതകൾ, ശാന്തവും മനോഹരവുമായ കടൽത്തീരങ്ങൾ, ഹൗസ് ബോട്ട് യാത്ര, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രവി കരുണാകരൻ മ്യൂസിയം. ആലപ്പുഴ ബീച്ച്, വിളക്കുമാടം അങ്ങനെ ഒരു നീണ്ട നിരയാണ് ആലപ്പുഴയിലുള്ളത്.
വയനാട്
നിഗൂഢമായ ഗുഹകളിൽ തുടങ്ങി മലകളിലെ ട്രെക്കിംഗ്, ഗംഭീര വെള്ളച്ചാട്ടം, വന്യജീവിജാലങ്ങൾ സ്വാഭാവികതയോടെ ജീവിക്കുന്നത്, തടാകങ്ങളിലും നദികളിലും ബോട്ടിംഗ്, പുരാതന മനുഷ്യരുടെ കലകളുമൊക്കെ കണ്ടറിയാനും കഴിയുന്ന മനോഹരമായൊരിടമാണ് വയനാട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പച്ചപ്പ് നിറഞ്ഞതാണ് ഈ സുന്ദരപ്രദേശം. എടയ്ക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, സൂചിപ്പാറ വെള്ളച്ചാട്ടം, ഹെറിട്ടേജ് മ്യൂസിയം, കുറുവാദ്വീപ്, തിരുനെല്ലി ക്ഷേത്രം അങ്ങനെ കാഴ്ചകളുടെ കലവറകളാൽ അനന്തമാണ് വയനാട്.
കോഴിക്കോട്

വ്യത്യസ്തമായ രുചിവിഭവങ്ങളിലൂടെ തുടങ്ങി തെരുവിന്റെ കാഴ്ചകളെ ഒന്നടങ്കം ആസ്വദിക്കാൻ കഴിയുന്ന മലബാറിന്റെ സംസ്‌കാരത്തിൽ മുങ്ങിനിൽക്കുന്നിടമാണ് കോഴിക്കോട്. കല്ലുമ്മക്കായ, ചട്ടി പത്തിരി, കോഴിക്കോടൻ ഹൽവ അങ്ങനെ നീണ്ടുനിൽക്കുന്ന വിഭവങ്ങൾ. പഴയ വിളക്കുമാടം, കൺകുളിർക്കുന്ന കോഴിക്കോട് ബീച്ചിലെ സൂര്യാസ്തമനം, പഴശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, ബേപ്പൂർ ബീച്ച്, മിഠായി തെരുവ്, സരോവരം ബയോ പാർക്ക് ഇതെല്ലാം ഒരിക്കലും മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കുന്നിടങ്ങളാണ്.