
ആലപ്പുഴ: കെ എസ് ആർ ടി സി ബസ് സൈക്കിളിൽ ഇടിച്ച് അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാരപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടി പാർലറിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന സെയ്‌ഫ് അലിയാണ് (27) മരിച്ചത്. ഉത്തർപ്രദേശ് സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്റെ മകനാണ് സെയ്ഫ്.
ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തുനിന്ന് തിരികെ സൈക്കിളിൽ ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഒരേദിശയിലെത്തിയ കെ എസ് ആർ ടി സി ബസ് സൈക്കിളിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ സെയ്‌ഫ് അലിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തോപ്പുംപടിയിൽ നിന്ന് ആലപ്പുഴയിലെത്തി വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ഓർഡിനറി ബസാണ് അലിയെ ഇടിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.