
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ്. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹം ദീർഘകാലം നിർണ്ണായക പങ്കുവഹിക്കുകയുണ്ടായി. ഭരണാധികാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാർട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആര്യാടൻ മുഹമ്മദിന് ആദരാജ്ഞലികൾ അർപ്പിച്ചു.
ആര്യാടൻ മുഹമ്മദിനെ പോലൊരു രാഷ്ട്രീയ നേതാവ് ഇനി ഉണ്ടാകുവാൻ സാധ്യതയില്ലെന്ന് അനുശോചനകുറിപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആര്യാടൻ മുഹമ്മദിനെ പോലൊരു രാഷ്ട്രീയ നേതാവ് ഇനി ഉണ്ടാകുവാൻ സാധ്യതയില്ല. രാഷ്ട്രീയ നിയമസഭാ വിഷയങ്ങളിൽ അദ്ദേഹം പരിണിതപ്രജ്ഞനാണ് എന്ന് പറയുന്നത് തന്നെ ഒരു കുറവാണ്.
മലബാറിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഒരു ഇതിഹാസമായിരുന്നു ആര്യാടൻജി. കോൺഗ്രസ് രാഷ്ട്രീയം പ്രത്യേകിച്ച് മതേതരത്വആശയങ്ങൾ മലബാറിൽ സുശക്തം പറഞ്ഞുകൊണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. തന്റെ ഉറച്ച നിലപാടുകളുടെ പേരിൽ പല വിമർശനങ്ങളും അദ്ദേഹത്തിന് കേൾക്കേണ്ടിവന്നു.
നിയമസഭയിലെ ആര്യാടൻജിയുടെ പെർഫോമൻസിനെ കുറിച്ച് അച്ഛൻ പറയുന്നത് പണ്ടുമുതൽക്കേ കേട്ടിട്ടുണ്ട്. 2015-16 കാലഘട്ടത്തിൽ അദ്ദേഹം വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഏത് ചോദ്യങ്ങൾക്കും കൃത്യമായ കണക്കുകൾ കൊണ്ടുള്ള മറുപടി, മേമ്പൊടിയായി പിന്നെ രാഷ്ട്രീയവും. KSEB യെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഒരു പേപ്പറും നോക്കാതെ കണക്കുകൾ ഉദ്ധരിച്ചു നൽകിയിട്ടുള്ള മറുപടികൾ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും അംഗീകരിച്ചു. കേരളത്തിലെ ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കുവാൻ അദ്ദേഹം ഏറെ പ്രയത്നിച്ചു. കോട്ടൂർ വനമേഖലയിലെ ഏറ്റവും ഉൾപ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കുവാൻ അദ്ദേഹം എടുത്ത നടപടികൾ ഒരിക്കലും മറക്കുവാൻ കഴിയില്ല.
എന്നോട് എന്നും ഒരു പുത്രവാത്സല്യം അദ്ദേഹത്തിനുണ്ടായിരുന്നു. അസുഖങ്ങൾ മൂലം യാത്രകൾ കുറച്ച് നിലമ്പൂരിലെ വീട്ടിൽ വിശ്രമിക്കുമ്പോൾ അദ്ദേഹം എന്നെ വിളിക്കും, മിക്കവാറും ഞാൻ പങ്കെടുക്കുന്ന ഏതെങ്കിലും ചാനൽ ചർച്ചയ്ക്ക് ശേഷമായിരിക്കും ഏകദേശം 9.10 pm ആയിരിക്കും ഫോൺകോൾ. ചർച്ചയെക്കുറിച്ച് അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഗഹനമായി സംസാരിച്ചുകൊണ്ട് 1950കളിലെയും 60 കളിലെയും മലബാർ രാഷ്ട്രീയ കഥകൾ വൈകാരികമായി അദ്ദേഹം പറഞ്ഞു കഴിയുമ്പോൾ നേരം രാത്രി 10.00 മണി കഴിയും. അത്തരം ചർച്ചകൾ എന്നിലെ രാഷ്ട്രീയ വിദ്യാർത്ഥിക്കു എന്നും കരുത്തു പകർന്നിരുന്നു. അപ്പോഴെല്ലാം അദേഹത്തിൽ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു രാഷ്ട്രീയ അധ്യാപകനെയാണ്.
എല്ലാ രാഷ്ട്രീയക്കാർക്കും ഇതിഹാസത്തിന്റെ ഭാഗമാകാൻ കഴിയുകയില്ല. എന്നാൽ ആര്യാടൻ മുഹമ്മദ് എല്ലാ അർത്ഥത്തിലും ഇതിഹാസം എഴുതിയ ആളാണ്.ആദരാഞ്ജലികൾ....
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ആര്യാടൻ മുഹമ്മദിന് ആദരാജ്ഞലികൾ അർപ്പിച്ചു.
ആര്യാടൻ മുഹമ്മദ് പലതില്ല ഒന്നേയുള്ളുവെന്ന് പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ അനുശോചനകുറിപ്പിൽ പറഞ്ഞു.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ ശക്തനായ അമരക്കാരൻ ശ്രീ. ആര്യാടൻ മുഹമ്മദ് വിട വാങ്ങിയെന്ന് മുസ്‌ലീം ലാഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ ശക്തനായ അമരക്കാരൻ ശ്രീ. ആര്യാടൻ മുഹമ്മദ് വിട വാങ്ങിയിരിക്കുന്നു. ദീർഘ കാലം കേരളത്തിലും, വിശിഷ്യാ മലബാർ മേഖലയിലും പ്രവർത്തകർക്ക് ആവേശവും, കരുത്തുമായി കോൺഗ്രസ് പാർട്ടിക്ക് അനിഷേധ്യ നേതൃത്വമാവാൻ ആര്യാടന് സാധിച്ചു. കോൺഗ്രസ് പാർട്ടിയുടെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്ക് ചേരുന്നു.
ആദരാഞ്ജലികൾ...