dhoni

റാഞ്ചി: മുൻ ഇന്ത്യൻ നായകനും ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്‌റ്റനുമായ എം.എസ് ധോണിയുടെ സസ്‌പെൻസ് നിറഞ്ഞ സമൂഹമാദ്ധ്യമ പോസ്‌റ്റിൽ ആശങ്കയോടെ ആരാധകർ. സമൂഹമാദ്ധ്യമങ്ങളിൽ തീരെ ആക്‌ടീവല്ലാത്ത ധോണി കഴിഞ്ഞദിവസം ഫേസ്‌ബുക്കിലിട്ട പോസ്‌റ്റാണ് ആരാധകർക്ക് ആവേശവും ആശങ്കയും ഒരുപോലെ ഉണ്ടാക്കിയിരിക്കുന്നത്. 'ചില ആവേശകരമായ വാർത്തകൾ നാളെ (25-09-2022) ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് നിങ്ങളുമായി പങ്കുവയ്‌ക്കുന്നുണ്ട്. എല്ലാവരും അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' എന്നാണ് ഫേസ്‌ബുക്ക് പോസ്‌റ്റിൽ ധോണി പറയുന്നത്.

ഞങ്ങളും ആവേശഭരിതരാണ് അങ്ങയെ കാണാൻ. എന്നാൽ റിട്ടയർമെന്റിനെക്കുറിച്ച് ഒഴികെ എന്തും പറഞ്ഞോളൂ. എന്നാണ് ആരാധകർ ധോണിയ്‌ക്ക് മറുപടി നൽകുന്നത്. ലൈവിൽ വരുമ്പോൾ മോശം വാർത്തകളൊന്നും നൽകരുതെന്നും ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 2020 ഓഗസ്‌റ്റിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിയ്‌ക്കുന്നത്. ഐപിഎൽ കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയ്‌ക്ക് ക്യാപ്‌റ്റൻസി നൽകിയെങ്കിലും പിന്നീട് ധോണി തന്നെ നായകനായി. എന്നാൽ റിട്ടയർമെന്റിനെക്കുറിച്ചാണോ ധോണി പറയുക എന്നതിനെക്കുറിച്ചൊന്നും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിംഗ്‌സിലെ സഹതാരങ്ങളായ സുരേഷ് റെയ്‌നയും റോബിൻ ഉത്തപ്പയും ഈയടുത്ത് ഐപിഎല്ലിൽ നിന്നടക്കം വിരമിച്ചിരുന്നു. റെയ്‌ന അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിരമിക്കൽ പ്രഖ്യാപിച്ചത് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു.