jhulan-goswami

വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ പേസ് ഇതിഹാസം ജുലൻ ഗോസ്വാമി കളിക്കളത്തോട് വിടപറഞ്ഞത് സ്വന്തം പേരിൽ ഒരു ചരിത്രനേട്ടം കൂടി എഴുതിചേർത്തുകൊണ്ടാണ്. വനിതാ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബോളുകൾ എറിഞ്ഞ താരമെന്ന ബഹുമതിയോടൊപ്പമാണ് ജുലൻ കരിയറിൽ നിന്ന് വിരമിച്ചത്. 204 ഏകദിന മത്സരങ്ങളിൽ നിന്നായി 10,005 ബൗളിംഗാണ് ജുലൻ നടത്തിയത്.

ഇരുപത് വർഷത്തെ ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞാണ് 39കാരിയായ ജുലൻ കളിക്കളം വിടുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഏകദിന മത്സരത്തിൽ 3- 0ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ ജുലന്റെ വിടവാങ്ങൽ മത്സരം കൂടുതൽ മധുരമുള്ളതായി മാറിയിരുന്നു. 23 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യൻ വനിതാ ടീമിന്റെ പമ്പര വിജയമെന്ന അപൂ‌ർവനേട്ടത്തിന്റെ ഭാഗമായതിന്റെ ചാരിതാർത്ഥ്യവുമായാണ് ജുലൻ വിടപറഞ്ഞത്. ട്വന്റി-20യിൽ നിന്ന് ജുലൻ നേരത്തേ വിരമിച്ചിരുന്നു.

2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ ജുലൻ അരങ്ങേറിയത്. 204 ഏകദിനങ്ങളിൽ നിന്നായി 255ഉം 68 ട്വന്റി- കളിൽ നിന്നായി 56ഉം 12 ടെസ്റ്റുകളിൽ നിന്നായി 44 വിക്കറ്റും ജുലൻ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 352 വിക്കറ്റുകളാണ് ജുലൻ സ്വന്തമാക്കിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും ഏകദിന ലോകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയതുമായ വനിതാ താരമെന്ന നേട്ടവും ജുലന് സ്വന്തമാണ്. ഏകദിന ലോകകപ്പിൽ നിന്നായി 39 വിക്കറ്റുകളാണ് ജുലന്റെ പേരിലുള്ളത്. അഞ്ച് ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.