
ന്യൂഡൽഹി: നമീബിയയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റകൾക്ക് പേര് നിർദേശിക്കാമെന്ന് ജനങ്ങളെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേർന്നു നിൽക്കുന്നതാകണം പേരുകളെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും മൻ കീ ബാത്തിൽ സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു.
നമീബിയയിൽ നിന്ന് ബോയിംഗ് ജംബോ ജെറ്റിൽ എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇന്ത്യയുടെ വന്യജീവി സൗന്ദര്യത്തിന് അലങ്കാരമായി ആഫ്രിക്കൻ കരുത്തുമായി വന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്‌തംബർ 17ന് മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നു വിട്ടിരുന്നു. ചീറ്റപ്പുലികളുടെ ചിത്രങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തുകയും ചെയ്തു.
ഫെഡോറ തൊപ്പിയും ജാക്കറ്റും ധരിച്ച മോദി പത്തടി ഉയരമുള്ള വേദിയിൽ നിന്ന് ലിവർ തിരിച്ചാണ് മരക്കൂടുകൾ തുറന്നത്. ഒരു കൂട്ടിലെ രണ്ടെണ്ണത്തിനെയും പിന്നീട് 70 മീറ്റർ അകലെയുള്ള കൂട്ടിലെ ഒന്നിനെയുമാണ് അദ്ദേഹം തുറന്നു വിട്ടത്. ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടിയായിരുന്നു ഇത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും ഒപ്പമുണ്ടായിരുന്നു.
പ്രത്യേക ക്വാറന്റൈൻ മേഖലയിലാണ് ചീറ്റകളെ വിട്ടിരിക്കുന്നത്.ഒരുമാസം പ്രത്യേകം തയ്യാറാക്കിയ പ്രദേശത്തെ ക്വാറന്റൈന് ശേഷമാകും ചീറ്റകളെ സ്വൈര്യ വിഹാരത്തിന് അനുവദിക്കുക. ലോകത്തെ ഏറ്റവും വേഗതയുള്ള ( മണിക്കൂറിൽ110 കിലോമീറ്റർവരെ) മൃഗമായ ചീറ്റപ്പുലികൾ എഴുപതു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ആവാസവ്യവസ്ഥയിലേക്ക് എത്തിയത്. കുനോയിൽ വിഹരിച്ചിരുന്ന ഏഷ്യൻ ചീറ്റപ്പുലികൾക്ക് 1952ൽ വംശനാശം സംഭവിച്ചിരുന്നു.
നമീബിയയിലെ ചീറ്റ കൺസർവേഷൻ ഫണ്ട് (സി.സി.എഫ്) എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ലോകപ്രശസ്‌ത ചീറ്റ വിദഗ്ദ്ധനുമായ ലോറി മാർക്കറാണ് കൈമാറ്റത്തിന് നേതൃത്വം വഹിച്ചത്. 2009-ൽ വിഭാവനം ചെയ്‌ത 'ആഫ്രിക്കൻ ചീറ്റ ഇൻട്രൊഡക്‌ഷൻ പ്രൊജക്‌റ്റ് ഇൻ ഇന്ത്യ' പ്രകാരമാണ് ചീറ്റകളെ കൊണ്ടുവന്നത്. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പെൺ ചീറ്റകളും നാലരയും അഞ്ചരയും വയസുള്ള മൂന്ന് ആൺ ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്.
അതേസമയം, ആംഗ്യഭാഷകളുടെ പ്രധാന്യത്തെപ്പറ്റിയും പ്രധാനമന്ത്രി മൻ കീ ബാത്തിൽ പരാമർശിച്ചു. ആംഗ്യഭാഷയുടെ നിലവാരം ഉയർത്തുന്നതിനായി ദേശീയ വിദ്യാഭ്യാസ നയത്തിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ആംഗ്യഭാഷയുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ സ്കൂൾ തലത്തിൽ സെപ്തംബർ 23ന് അവതരിപ്പിച്ചുവെന്നും മോദി പറഞ്ഞു.
ആംഗ്യഭാഷയ്ക്ക് പ്രാധാന്യം നൽകിയതിന്റെ ഗുണങ്ങൾ കേരളത്തിൽ നിന്നുള്ള മഞ്ജു എന്ന വ്യക്തിയ്ക്ക് ഏറെ ഗുണകരമായതിനെക്കുറിച്ചും അദ്ദേഹം പരാമർശം നടത്തി. ആലപ്പുഴ ചേർത്തല സ്വദേശിയായ മഞ്ജുവിനെക്കുറിച്ചാണ് പ്രധാനമന്ത്രി പരാമർശിച്ചത്. ജന്മനാ കേൾവിശക്തിയും സംസാര ശേഷിയുമില്ലാത്ത മഞ്ജുവിന്റെ മാതാപിതാക്കളും ബധിരരാണ്. മഞ്ജു തിരുവനന്തപുരം നിഷിൽ നിന്ന് ബി കോം ബിരുദം കരസ്ഥമാക്കിയിരുന്നു. നിലവിൽ എ എസ് എൽ ആർ ടി സിയിൽ പഠിക്കുകയാണ് മഞ്ജു.