monkey

ഇടുക്കി: തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ഇടുക്കിയിലെ കമ്പംമേട് പൊലീസ് സ്‌റ്റേഷനിൽ കുരങ്ങന്മാർ വലിയ ശല്യമായതോടെ ഒഴിവാക്കാൻ പൊലീസുകാർ പ്ളാസ്‌റ്റിക് പാമ്പുകളെയിറക്കി പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. ആദ്യമാദ്യം പാമ്പിനെ കണ്ട് ഭയന്നോടിയ കുരങ്ങന്മാർ വളരെ പെട്ടെന്നുതന്നെ ഇത് തട്ടിപ്പാണെന്ന് കണ്ടെത്തിയെന്നാണ് സൂചന.

സ്‌റ്റേഷനടുത്തുള‌ള തമിഴ്‌നാട്ടിലെ കാട്ടിൽ നിന്നും ഇവിടെയെത്തുന്ന കുരങ്ങന്മാർ സ്‌റ്റേഷൻ പരിസരത്തെ മരങ്ങളിൽ നിന്നും ചക്കയും മാങ്ങയുമെല്ലാം തിന്നുകയും സ്‌റ്റേഷൻ മെസിൽ കയറി ആഹാരമടക്കം ശാപ്പിടുകയും പാത്രങ്ങൾ തട്ടിമറിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഈ ശല്യം രൂക്ഷമായതോടെയാണ് ചൈനീസ് നിർമ്മിത റബ്ബർ പാമ്പുകൾ സ്‌റ്റേഷനിലും അടുത്തുള‌ള മരങ്ങളിലുമൊക്കെ തൂക്കിയിട്ടത്. എന്നാൽ ആദ്യ ആഴ്‌ച ഭയന്ന് പിൻവാങ്ങിയ കുരങ്ങന്മാർ വൈകാതെ ഇത് പറ്റിക്കുന്നതാണെന്ന് മനസിലാക്കി. അങ്ങനെ പാമ്പിനെ വച്ച് മൂന്നാഴ്‌ചയ്‌ക്കകം തന്നെ സ്‌റ്റേഷനിൽ വലിയ ശല്യമാണ് കുരങ്ങന്മാരുണ്ടാക്കുന്നത്. ഇത്തവണ സ്‌റ്റേഷനിലെ വയർലെസ് സംവിധാനത്തിനും കുരങ്ങന്മാർ നാശമുണ്ടാക്കി മാത്രമല്ല പരാതിയുമായി സ്‌റ്റേഷനിലെത്തുന്നവരെയും ഉപദ്രവിക്കുന്നതായാണ് വിവരം.