
കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള കരച്ചിൽ അമ്മമാരെയാവും കൂടുതൽ അസ്വസ്ഥമാക്കുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിൽ എളുപ്പം മാറ്റിയെടുത്ത് അവരെ ഉറക്കത്തിലേക്ക് നയിക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകർ. ജപ്പാനിലെ സെന്റർ ഫോർ ബ്രെയിൻ സയൻസിലെ കുമി കുറോഡയുടെ നേതൃത്വത്തിൽ കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന ഫലമാണ് ഇതേകുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. കരയുമ്പോൾ കുഞ്ഞുങ്ങളെ എടുത്ത് കുറച്ചു നേരം നടക്കുന്നതാണ് ഏറെ ഫലം ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ എടുത്ത് നടക്കുമ്പോൾ അവരുടെ ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നതിനാൽ കൂടുതൽ ശാന്തരായി മാറും.
ഇരുപത്തിയൊന്ന് കുഞ്ഞുങ്ങളെ നാലോളം അവസ്ഥകളിൽ പരിപാലിച്ചതിൽ നിന്നുമാണ് ജാപ്പനീസ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. നടക്കുന്ന അമ്മമാർ കുഞ്ഞിനെ പിടിച്ചിരിക്കുന്നത്, ഇരിക്കുന്ന അമ്മമാർ പിടിച്ചിരിക്കുന്നത്, നിശ്ചലമായ തൊട്ടിലിൽ കിടക്കുന്നത് അല്ലെങ്കിൽ ആടുന്ന കട്ടിലിൽ കിടക്കുന്നത്. ഈ നാല് അവസ്ഥയിൽ കുഞ്ഞ് ഏറ്റവും ശാന്തമായത് കുഞ്ഞിനെയും വഹിച്ചുകൊണ്ട് അമ്മ നടക്കുമ്പോഴായിരുന്നു. ഈ അവസ്ഥയിൽ കരയുന്ന കുഞ്ഞുങ്ങൾ ശാന്തമാകുകയും വെറും 30 സെക്കൻഡിനുള്ളിൽ അവരുടെ ഹൃദയമിടിപ്പ് കുറയുകയും ചെയ്തു. അഞ്ച് മിനിട്ടെങ്കിലും അമ്മ കുഞ്ഞിനെയും കൊണ്ട് നടക്കുകയാണെങ്കിൽ അവർ കൂടുതൽ ശാന്തരാകുകയും, ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു.
എന്നിരുന്നാലും, നടത്തത്തിന് ശേഷം കുഞ്ഞുങ്ങളെ കിടക്കയിലേക്ക് തിരികെ കിടത്തുമ്പോൾ, മൂന്നിലൊന്ന് കുട്ടികളും വെറും 20 സെക്കൻഡിനുള്ളിൽ ഉണർന്നു. കിടത്തുന്നതിന് മുമ്പ് കുഞ്ഞ് കൂടുതൽ സമയം ഉറങ്ങുകയാണെങ്കിൽ, അവർ ഉണരാനുള്ള സാദ്ധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.