
147 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ൽ പ്രവർത്തനം ആരംഭിച്ചപ്പോൾ വാർത്തകളിൽ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയിൽ പ്രവർത്തിക്കുന്ന ഈ മാളിൽ ഷോപ്പിംഗ് നടത്തുക എന്നത് ആരെയും മോഹിപ്പിക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് ആളുകൾ കുറഞ്ഞതോടെ ഗ്രേറ്റ് ഇന്ത്യ പാലസ് വിൽക്കാൻ ഉടമകൾ ശ്രമിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് കേവലം കിംവദന്തിയായി മാനേജ്‌മെന്റ് തള്ളിക്കളയുന്നു.
കൊവിഡിൽ തളർന്നു
കൊവിഡ് കാലമാണ് മാളിനെ പിന്നോട്ട് വലിച്ചതെന്ന് മാനേജ്‌മെന്റ് ഉൾപ്പടെ സമ്മതിക്കുന്നുണ്ട്. പ്രതിദിനം നാൽപ്പതിനായിരം പേർ മാളിൽ സന്ദർശനം നടത്തുന്നതായാണ് അധികൃതർ പറയുന്നത്. കൊവിഡിന് മുൻപ് ഇത് അമ്പതിനായിരത്തിനും മുകളിലായിരുന്നു. മാൾ 2000 കോടിക്ക് വിൽക്കുവാനാണ് ഉടമകൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് കാലത്ത് മാളിനുള്ളിൽ പ്രവർത്തിച്ചിരുന്ന നിരവധി ഷോറൂമുകൾ അടച്ചിട്ടിരുന്നു.
ഇതാണ് മാളിന്റെ തകർച്ചയുടെ പ്രധാന കാരണമായി കരുതുന്നത്. ഇതിന് പുറമെ മാളിനു സമീപം നിരവധി പുതിയ മാളുകൾ പ്രവർത്തനം ആരംഭിച്ചു. ഈ മാളുകളിൽ വിവിധ ബ്രാൻഡ് ഷോറൂമുകൾ, മൾട്ടിപ്ലക്സുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയവയുണ്ട്. ഇത് മാളിന്റെ ബിസിനസിനെ ബാധിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഗോസ്റ്റ് മാളുകൾ പെരുകുന്നതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. പഴയകാല മാളുകളിൽ ആളുകൾ കയറാൻ വലിയ താത്പര്യം കാണിക്കാറില്ലെന്നതാണ് ഇതിന് കാരണം.