ford-motors-

വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, തൊഴിലാളി ക്ഷാമം, സമരം, സെമികണ്ടക്ടേഴ്സ് ക്ഷാമം അങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ വാഹന നിർമ്മാണ കമ്പനികൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇതിൽ സെമികണ്ടക്ടേഴ്സ് ക്ഷാമമാണ് അടുത്ത കാലത്തായി മിക്ക ഓട്ടോ കമ്പനികളും നേരിടുന്ന വെല്ലുവിളി. എന്നാൽ ആഗോള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോഴ്സ് അഭിമുഖീകരിക്കുന്നത് കൗതുകമുണർത്തുന്ന ഒരു പ്രശ്നമാണ്. വാഹനങ്ങളുടെ പുറംഭാഗത്ത് മുൻവശത്തായി സാധാരണയായി സ്ഥാപിക്കുന്ന ബ്രാൻഡ് രേഖപ്പെടുത്തുന്ന ബാഡ്ജുകളുടെ ക്ഷാമമാണ് ഫോർഡിനെ വലയ്ക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള കാർ നിർമ്മാതാവിന് ഇതുകാരണം ഇപ്പോൾ ഡെലിവറികൾ വൈകിപ്പിക്കേണ്ടി വന്ന അവസ്ഥയാണുള്ളത്.

ഫോർഡ് എന്ന് ചരിച്ചെഴുതിയിരിക്കുന്ന നീല നിറത്തിലുള്ള ഐക്കണിക് ബാഡ്ജ് ഫോർഡ് കമ്പനിയുടെ വാഹനങ്ങൾ ആളുകൾക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്ന സവിശേഷതകളിൽ ഒന്നാണ്. ക്ഷാമം നേരിട്ടതിന് പിന്നാലെ 3ഡി പ്രിന്റിംഗിലൂടെ ബാഡ്ജ് നിർമ്മിക്കുവാൻ പോലും കമ്പനി ആലോചിച്ചിരുന്നു. എന്നാൽ ഗുണനിലവാരത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഈ പ്ലാൻ ഉപേക്ഷിച്ചു. ഏകദേശം 40,000 മുതൽ 45,000 വരെ ഫോർഡ് വാഹനങ്ങൾ ഇതിനാൽ ഡീലർമാർക്ക് അയക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചിപ്പ് ക്ഷാമം ഉൾപ്പടെയുള്ള വിതരണ ശൃംഖലകളിലെ വിവിധ പ്രശ്നങ്ങൾ ആഗോള വാഹന വ്യവസായത്തെ ബാധിക്കുന്നുണ്ട്.

അടുത്തിടെ ഫോർഡിന് അമേരിക്കയിൽ അവരുടെ 200,000ലധികം എസ്യുവികൾ തിരിച്ചു വിളിക്കേണ്ടി വന്നു. ഫാൻ മോട്ടോറുകളിലെ ചില പ്രശ്നങ്ങളാണ് കാരണം. 2015 മുതൽ 2017 വരെയുള്ള മോഡൽ വർഷം വരെയുള്ള ഫോർഡ് എക്സ്‌പെഡിഷനുകളും ലിങ്കൺ നാവിഗേറ്ററുമാണ് തിരിച്ചുവിളിച്ച കാറുകൾ. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ കാർ മോഡലുകൾ തിരിച്ചുവിളിക്കുന്നത്.