
വിമാനത്തിൽ ഒരിക്കലെങ്കിലും സഞ്ചരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും, ഒരു വിമാനം സ്വന്തമായി വേണം എന്ന് ആഗ്രഹിക്കുന്നവർ കുറവാണ്. എന്നാൽ ഇപ്പോൾ അതിനും അവസരമൊരുങ്ങുകയാണ്. എയർബസ് എ380 വിമാനത്തിന്റെ ഭാഗങ്ങളാണ് ലേലം ചെയ്ത് വിൽക്കുന്നത്. വിമാനത്തിന്റെ 500 ഭാഗങ്ങൾ ഒക്ടോബറിൽ ലേലം ചെയ്യാനാണ് പദ്ധതി.
ഫ്രാൻസിലെ ടുലൂസിലുള്ള ആഗോള വിമാന നിർമാതാക്കളുടെ ആസ്ഥാനത്താണ് ലേലം. ഓൺലൈനിലൂടെയും ലേലത്തിൽ പങ്കെടുക്കാം.

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എയർലൈനായാണ് എ380 വിമാനത്തെ വിശേഷിപ്പിക്കുന്നത്. മാർക്ക് ലാബാർബെയുമായി സഹകരിച്ചാണ് ലേലം നടക്കുന്നത്. വിൽപ്പനയിൽ നിന്നുള്ള വരുമാനം എയർബസ് ഫൗണ്ടേഷനും എഐആർടിജി അസോസിയേഷനും നൽകും.

ഈ ഐക്കണിക് വിമാനത്തിന്റെ ക്യാബിനിൽ നിന്നുള്ള 500ലധികം ഇനങ്ങൾ, വിളക്കുകൾ, സ്റ്റെയർകേസ്, വിൻഡോകൾ, സീറ്റുകൾ, എഞ്ചിൻ ബ്ലേഡുകൾ, കൂടാതെ ടെസ്റ്റ് പൈലറ്റുമാരുടെ ഓറഞ്ച് ജംപ്സ്യൂട്ട് പോലും താൽപ്പര്യമുള്ളവർക്ക് വാങ്ങാനാവുമെന്ന് എയർബസ് പ്രസ്താവനയിൽ പറഞ്ഞു.