a

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ആര്യാടൻ മുഹമ്മദ് മതനിരപേക്ഷ നിലപാടുകൾ എന്നും ഉയർത്തിപ്പിടിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്ന അദ്ദേഹം,തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിപരമായ നഷ്ടം: രാഹുൽ ഗാന്ധി

ആര്യാടൻ മുഹമ്മദിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് പ്രതികരിച്ചു. കോൺഗ്രസിന്റെ തൂണുകളിലൊന്നായിരുന്നു അദ്ദേഹം. താഴേക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവും നല്ല രാഷ്ട്രീയക്കാരനും നല്ല മനുഷ്യജീവിയുമായിരുന്നു. തന്റെ വഴികാട്ടിയും മുതിർന്ന സഹോദരനുമെല്ലാമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലായിരുന്ന രാഹുൽ ഹെലികോപ്ടറിലാണ് നിലമ്പൂരിലെത്തിയത്.