kk

കണ്ണൂർ: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യാപാരസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ്. കണ്ണൂർ താണയ്ക്ക് സമീപമുള്ള ഹൈപ്പർ മാർക്കറ്റിലാണ് കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഹർത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, നേതാക്കളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെയ്ഡ് നടത്തുന്നത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലുമാണ് മുഖ്യമായി പരിശോധന നടന്നത്. താണയ്ക്ക് പുറമേ കണ്ണൂർ പ്രഭാത് ജംഗ്ഷൻ, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ എന്നിവിടങ്ങളിലും പരിശോധന നടന്നു. കണ്ണൂരിലെ മറ്റുചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് എന്നാണ് വിവരം, കണ്ണൂര്‍ എ.സി.പി. രത്‌നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്.