കാട്ടാക്കട: ദേശീയ ടെലിവിഷൻചാനലുകൾ മോദി സ്തുതി പാടുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം. കാട്ടാക്കടയിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുത്തക മാദ്ധ്യമങ്ങളുടെ ലക്ഷ്യം മോദിയെ നിലനിറുത്തുകയാണ്. മോദിയെ സ്തുതിച്ച് വലിയ നേതാവായി നിറുത്തുകയും ജനവിരുദ്ധ നയങ്ങൾ മറച്ചു വയ്ക്കുകയുമാണ് ഇക്കൂട്ടർ. കേരളത്തിലെ മാദ്ധ്യമങ്ങൾ ജനവിരുദ്ധ നയങ്ങളെപ്പറ്റി മിണ്ടാതെ വൈകുന്നേരം ചർച്ചകളിൽ ഇടതു പക്ഷത്തെ ആക്ഷേപിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

കേരളത്തിന്റേതായി വരാൻപോകുന്ന കെ -ഫോൺ, പുതിയ റെയിൽ പദ്ധതി എന്നിവ സ്വപ്ന തുല്യമായ മാറ്റമാണ് വരുത്തുക. ഹർത്താലിന്റെ പേരിൽ നടത്തിയ അക്രമങ്ങൾ നീതീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ശക്തികൾക്കെതിരെ തൊഴിലാളി സംഘടനകൾ ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി,കെ.എസ്.സുനിൽകുമാർ,കെ.ഒ.ഹബീബ്,കെ.ഹരികൃഷ്ണൻ,പി.എസ്.മധുസൂദനൻ,ജോസ്.ടി.എബ്രഹാം,പി.പി.ചിത്തരഞ്ജൻ, എം.വിജയകുമാർ എന്നിവർ സംസാരിച്ചു. ഇന്ന് കെ.എസ്.ആർ.ടി.സി പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.