kunchako-boban

സ്ഥിരം ചോക്കളേറ്റ് നായക കഥാപാത്രങ്ങളെല്ലാം പൊളിച്ചു വാ‌‌ർത്തുകൊണ്ട് തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിക്കൂട്ടുകയാണ് മലയാളികളുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബൻ. താരം ഏറ്റവും പുതിയതായി സംവിധായകൻ ടിനു പാപ്പച്ചന്റെ ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംഘട്ടന രംഗങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്തവയാണ് ഇത് വരെ തിയേറ്റർ കണ്ട എല്ലാ ടിനു പാപ്പച്ചൻ ചിത്രങ്ങളും. സാധാരണയായി ആന്റണി വർഗീസിനെ നായകനാക്കാറുള്ള സംവിധായകൻ ഇത്തവണ ചാക്കോച്ചനെ പരീക്ഷിച്ചത് വലിയ ആകാംഷയോടെയാണ് സിനിമ പ്രേമികൾ നോക്കിക്കണ്ടത്.

എന്നാൽ സിനിമ ചിത്രീകരണത്തിനിടയിൽ തന്നെ പരിക്കേറ്റ കൈയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് താരമിപ്പോൾ . "ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത് പരിക്ക്" എന്ന അടിക്കുറിപ്പോടെ 'കൈയ്യിലിരിപ്പ്', 'ടിനു പാപ്പച്ചൻ ചിത്രം' എന്നീ ഹാഷ്ടാഗുകളോട് കൂടി തമാശ കലർത്തിയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രംപോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

'അജഗജാന്തരം' എന്ന വിജയചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ടിനു പാപ്പച്ചൻ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ പരിക്കാണ് എന്നതടക്കം നിരവധി രസകരമായ കമന്റുകൾ പോസ്റ്റിന് താഴെ ആരാധകരും സിനിമ രംഗത്ത് നിന്നുള്ലവരും പോസ്റ്റ് ചെയ്തിട്ടുണ്ട്. രമേഷ് പിഷാരടിയുടെ എല്ല് മുറിയെ പണിയെടുത്താൽ എന്ന് തുടങ്ങുന്ന കമന്റും ഇതിൽപ്പെടുന്നു. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ "ന്നാ താൻ കേസ് കൊട്" എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.