mukul-rohtagi

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം നിരസിച്ച് മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗി. ഒന്നാം തീയതി ചുമതല ഏറ്റെടുക്കാനിരിക്കവേ ആയിരുന്നു പിൻമാറ്റം. വീണ്ടുവിചാരമുണ്ടായതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. മലയാളിയായ അഭിഭാഷകൻ കെ കെ വേണുഗോപാലാണ് നിലവിൽ അറ്റോർണി ജനറൽ സ്ഥാനം വഹിക്കുന്നത്. അദ്ദേഹത്തിന്റെ കാലപരിധി ഈ മാസം 30-ഓടെ കഴിയുന്ന സാഹചര്യത്തിലാണ് മുകുൾ റോഹ്തഗിയെ കേന്ദ്ര സർക്കാർ സമീപിച്ചത്.

മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകന് വേണ്ടിയും നടി ആക്രമണക്കേസിൽ ദിലീപിന് വേണ്ടിയും ഹാജരായത് മുകുൾ റോഹ്തഗി ആയിരുന്നു. ഇതിന് മുൻപ് 2014-17 കാലയളവിൽ റോഹ്തഗി അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. റോഹ്തഗിയുടെ പിൻഗാമി ആയാണ് കെ കെ വേണുഗോപാൽ ചുമതലയേറ്റത്. തെണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലും ഇനിയും സ്ഥാനത്ത് തുടരുന്നതിൽ വിമുഖത കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്രസർക്കാരിന് പുതിയൊരാളെ ഈ പദവിയിലേയ്ക്ക് കണ്ടെത്തേണ്ടി വരും. സോളിസിറ്റർ ജനറലായ തുഷാർ മേത്തയെ ആയിരിക്കും ഈ സാഹചര്യത്തിൽ പരിഗണിക്കുക എന്നാണ് സൂചന. കേസുകളിൽ കേന്ദ്ര സർക്കാരിനായി ഹാജരാകുന്നതും നിയമോപദേശം നൽകുന്നതുമടക്കമുള്ള നിർണായക പദവിയാണ് അറ്റോണി ജനറൽ.