kejiriwal

ന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള‌ള തൂപ്പുകാരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാൾ. ഹർഷ് സോളാങ്കി എന്ന ശുചീകരണ തൊഴിലാളിയെയാണ് തന്റെ വീട്ടിൽ വിരുന്നിന് കേജ്‌രിവാൾ ക്ഷണിച്ചത്. ഡൽഹിയിലെത്താൻ ഹർഷിനും കുടുംബത്തിനും വിമാന ടിക്കറ്റടക്കം കേജ്‌രിവാൾ അയച്ചുനൽകി. ആദ്യം ഡൽഹിയിൽ കേജ്‌രിവാളിന്റെ വീട്ടിലേക്ക് വരാനും അതിനുശേഷം താൻ ഹർഷിന്റെ ഗുജറാത്തിലെ വീട്ടിലെത്താമെന്നാണ് കേജ്‌രിവാൾ അറിയിച്ചത്.

കേജ്‌രിവാളിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണാൻ പുറപ്പെട്ട ഹർഷിന്റെ ചിത്രവും വിവരങ്ങളും ആം ആദ്‌മി പാർട്ടി അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. മുൻപ് തന്റെ ഗുജറാത്ത് സന്ദർശന സമയത്ത് അഹമ്മദാബാദിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്നും കേജ്‌രിവാൾ അത്താഴം കഴിച്ചിരുന്നു. ഈ സമയം അഹമ്മദാബാദ് ടൗൺ ഹാളിൽ ശുചീകരണ തൊഴിലാളികളുമായുള‌ള സംവാദത്തിനിടെയാണ് കേജ്‌രിവാൾ ഹർഷിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.

ഇതിനിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള‌ള കേജ്‌രിവാളിന്റെ നീക്കങ്ങളാണ് ഇതെല്ലാമെന്ന് വാദമുണ്ട്. ഡിസംബർ മാസത്തിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവിൽ നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളും 13 ശതമാനം സീറ്റുകളും നേടി മറ്ര് കക്ഷികളെ ആം ആദ്‌മി പാർട്ടി ഞെട്ടിച്ചു. 53 ശതമാനം സീറ്റുകൾ നേടി ബിജെപി വിജയിച്ചെങ്കിലും പല ഗ്രാമങ്ങളിലും ആം ആദ്‌മി പാർട്ടിയ്‌ക്ക് നി‌ർണായക സ്വാധീനമാകാൻ സാധിച്ചു. ഈ ആത്മവിശ്വാസമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആത്മവിശ്വാസത്തോടെ മുന്നേറാൻ പാർട്ടിയെ സഹായിച്ചത്.