നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തൊണ്ണൂറ് കിലോയിൽ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചത് എങ്ങനെയാണെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ടര വർഷം കൊണ്ടാണ് ഇരുപത്തിയഞ്ച് കിലോ കുറഞ്ഞത്. വർക്കൗട്ട് ആണ് തടി കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ആദ്യ വർഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞതെന്ന് നടി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ആർക്കായാലും നിർത്തിപ്പോകാൻ തോന്നും. പക്ഷേ തന്റെ ക്ഷമ കെട്ടില്ല. ഡയറ്റിംഗും തുടങ്ങി.
കൃത്യസമയത്ത് ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും താരം പറയുന്നു. പൊതുവേ വെജ് ആണ് കഴിക്കാറ്. അതിനാൽത്തന്നെ ഡയറ്റിൽ വലിയ മാറ്റങ്ങൾ വേണ്ടിവന്നില്ല. പനീറും എണ്ണമയമുള്ള ഭക്ഷണവും കുറച്ചു. അരിഭക്ഷണം, ചോക്ലേറ്റ് ഇതൊക്കെ ഒഴിവാക്കി. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും കറിയും. ഇടയ്ക്ക് വിശപ്പുതോന്നിയാൽ സാലഡോ ഡ്രൈ ഫ്രൂട്സോ കഴിക്കും. കാപ്പിയോ ചായയോ പാലോ ഒന്നും പണ്ടുതൊട്ടേ കുടിക്കാറില്ല. പിന്നെ ഡാൻസ് പരീശീലനവും ഉണ്ടായിരുന്നുവെന്ന് നടി പറഞ്ഞു. ഹെൽത്തിയായി വണ്ണം കുറയ്ക്കണമെങ്കിൽ കുറുക്കുവഴികളില്ലെന്നും ക്ഷമ വേണമെന്നുമാണ് ദേവി ചന്ദനയ്ക്ക് പറയാനുള്ളത്.