bhagyalakshmi

തിരുവനന്തപുരം: 45 വർഷമായുള്ള പതിവിൽ നിന്ന് മാറി ഒക്ടോബർ ഒന്നിന് സൂര്യ ഫെസ്റ്റിവൽ തുടങ്ങുന്നത് നടി പദ്മപ്രിയയുടെ ഭരതനാട്യത്തോടെ. എല്ലാ വർഷവും ആദ്യ ദിന പരിപാടിയായ യേശുദാസിന്റെ കർണാടക സംഗീത കച്ചേരി ഇത്തവണ ഡിസംബർ ഏഴിന് വൈകിട്ട് 6.45ന് എ.കെ.ജി ഹാളിൽ നടക്കും. 111 ദിവസം നീണ്ടു നിൽക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മേള 2023 ജനുവരി 21ന് വൈകിട്ട് 6.45ന് മഞ്ജുവാര്യരുടെ കുച്ചിപ്പുടിയോടെ സമാപിക്കും.

ട്രാവൻകൂർ സിസ്റ്റേഴ്സായ ലളിത-പദ്മിനി- രാഗിണിമാർക്കായി സമർപ്പിച്ചിരിക്കുന്ന നൃത്തസംഗീതോത്സവം ഒക്ടോബർ 1 മുതൽ 10 വരെ നടക്കും. ശോഭന, മഞ്ജു വാര്യർ, ആശാ ശരത്, പ്രിയദർശിനി ഗോവിന്ദ്, രമാ വൈദ്യനാഥൻ, നവ്യാനായർ, സുനന്ദാ നായർ, ട്രിവാൻഡ്രം കൃഷ്‌ണകുമാർ, ബിന്നി കൃഷ്‌ണകുമാർ, ഷർമിളാ മുഖർജി, മധുമിതാ റോയ് തുടങ്ങിയവർ പങ്കെടുക്കും.

പഞ്ചരത്ന വനിതാ പ്രസംഗ മേളയിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മി ബായി, കെ.കെ. ശൈലജ, ഭാഗ്യലക്ഷ്‌മി, ശ്വേതാ മേനോൻ, അഞ്ജു ബോബി ജോർജ് എന്നിവരെത്തും.

ഒക്ടോബർ 11 മുതൽ 15 വരെ പഞ്ചരത്ന വനിതാ ചലച്ചിത്രമേള. ഒക്ടോബർ 16 മുതൽ 20 വരെ 'ഡ്രീംസ് അൺലിമിറ്റഡ്" എന്ന പേരിൽ കൊറിയോഗ്രഫി ഫെസ്റ്റിവലിൽ പല്ലവി കൃഷ്‌ണൻ, ഗോപികാ വർമ്മ, സുനിതാ നായർ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ 21 മുതൽ 25 വരെയുള്ള ജൽസാ ഘർ എന്ന ഹിന്ദുസ്ഥാനി ചേംബർ കൺസേർട്ടിൽ മീതാപണ്ഡിറ്റ്, സിതാര കൃഷ്‌ണ കുമാർ തുടങ്ങിയവരും 26 മുതൽ 31 വരെയുള്ള കർണാടക സംഗീത മേളയിൽ അഭിഷേക് രഘുറാം, സുധാ രഘുനാഥൻ, കുന്നക്കുടി ബാലമുരളി, പി. ഉണ്ണിക്കൃഷ്ണൻ, ഹരിശങ്കർ തുടങ്ങിയവരും നവംബർ ഒന്നു മുതൽ 10 വരെയുള്ള നൃത്തമേളയിൽ അശ്വതി -ശ്രീകാന്ത്, മധു -സജീവ്, പാരീസ് ലക്ഷ്‌മി- പള്ളിപ്പുറം സുനിൽ - അഭയ ലക്ഷ്‌മി തുടങ്ങിയവരും പങ്കെടുക്കും.

അമ്മ സുകുമാരിയുടെ ഓർമ്മയ്‌ക്കായി സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഒരുക്കുന്ന സംഗീതാഞ്ജലി 'സൗകുമാര്യം" നവംബർ 11 മുതൽ 13 വരെ. നവംബർ 14 മുതൽ 20 വരെയുള്ള നാടകമേളയിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം നാടകങ്ങൾ അരങ്ങേറും. നവംബർ 21 മുതൽ 30 വരെയുള്ള മലയാളം പനോരമ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം ജയരാജിന്റെ 'നിറയെ തത്തകൾ ഉള്ള മരം". സിസംബർ 1 മുതൽ 20 വരെയുള്ള കലാഗ്രാമത്തിൽ 50 ചിത്രകാരന്മാർ പങ്കെടുക്കുന്നു. കവയിത്രി സുഗതകുമാരിക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള 'സുഗതം" പരിപാടി മേധാ പട്കർ ഉദ്ഘാടനം ചെയ്യും.

കേരളത്തെ രൂപപ്പെടുത്തിയ 'ഐതീഹ്യങ്ങളും പഴങ്കഥകളും" എന്ന വിഷയത്തെ ആസ്‌പദമാക്കി മുല്ലക്കര രത്നാകരന്റെ പ്രഭാഷണ പരമ്പര. 2023 ജനുവരി 1 മുതൽ 10 വരെ യൂത്ത് ഫെസ്റ്റിവൽ. ജനുവരി 11 മുതൽ 20 വരെ ഡൽഹിയിലെ ഡയക്ടറേറ്റ് ഒഫ് ഫിലിം ഫെസ്റ്റിവലുമായി (ഡി.എഫ്.എഫ് ) സഹകരിച്ച് ഇന്ത്യൻ പനോരമ ഫിലിം ഫെസ്റ്റിവൽ നടക്കും.