
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് പുലർച്ചെ തെളിവെടുപ്പ് നടത്തി. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. പൊലീസ് വാഹനത്തിൽ ആയിരുന്നില്ല പ്രതിയെ എകെജി സെന്ററിൽ എത്തിച്ചത്.
സ്ഥോടക വസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലിൽ ഉപേക്ഷിച്ചതായി പ്രതി മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു നേരത്തേ നൽകിയ മൊഴി. ആക്രമണം നടത്താൻ ഉപയോഗിച്ച സ്കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം പൊലീസിന് കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ജിതിനെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടി ആവശ്യപ്പെടില്ല എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.