കോഴിക്കോട്: ഇന്ത്യയിലെ മുൻനിര പി.യു ഫൂട്ട് വെയർ ഉത്പാദകരായ വി.കെ.സി പ്രൈഡിന് ബ്രാൻഡ് ഒഫ് ദ് ഡെക്കേഡ് പുരസ്‌കാരം. ബാർക്ക്, ഹെറാൾഡ് ഗ്ലോബൽ, ഇ.ആർ.ടി.സി മീഡിയ എന്നിവർ ഏർപ്പെടുത്തിയ പുരസ്‌കാരം മുംബയിലെ ഐ.ടി.സി മറാത്തയിൽ നടന്ന ചടങ്ങിൽ വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്കും ഡയറക്ടർ വി.റഫീക്കും ചേർന്ന് ഏറ്റുവാങ്ങി. പാദരക്ഷാ, ഫാഷൻ വ്യവസായ മേഖലയെ സാധാരണക്കാർക്ക് അനുകൂലമായ തരത്തിൽ ജനാധിപത്യവത്കരിച്ചതിനാണ് പുരസ്‌കാരം.
ഇതോടൊപ്പം വി.കെ.സി റസാക്കിനെ മാർക്കറ്റിംഗ് മാസ്റ്റർ 2022 ആയി ബാർക്ക് ഏഷ്യയും ജൂറി പാനലും തിരഞ്ഞെടുക്കുകയും ചെയ്തു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആദ്യമായി ഒരു ഫൂട്ട് വെയർ ബ്രാൻഡിന്റെ അംബാസിഡറാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാണ് അംഗീകാരം. ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ സ്‌പോർട്ടി ഫാഷൻ ബ്രാൻഡായ ഡിബോംഗോ ഉൾപ്പെടെ വി.കെ.സിയുടെ നാല് ബ്രാൻഡുകളും ഒരു വർഷത്തിനിടെ ബച്ചൻ അവതരിപ്പിച്ചിരുന്നു. ഒരു ഗ്രൂപ്പിനു വേണ്ടി ഒരു വർഷം നാലു ബ്രാൻഡുകൾ ബച്ചൻ അവതരിപ്പിച്ചതും ഇന്ത്യൻ പരസ്യരംഗത്ത് ആദ്യ സംഭവമാണ്.