
തിരുവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ശേഷം രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്ത പരമ്പരയ്‌ക്കായി തിരുവനന്തപുരത്തെത്തി. മൂന്ന് മത്സരങ്ങളുളള ടി20 പരമ്പരയിലെ ആദ്യ മത്സരം 28നാണ് തലസ്ഥാനത്തെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുക. ഹൈദരാബാദിൽ നിന്നും 4.30നെത്തിയ വിമാനത്തിലാണ് ടീം ഇന്ത്യ തലസ്ഥാനത്തെത്തിയത്. പ്രിയ താരങ്ങളെ കണ്ട ആരാധകർ ജയ് വിളികളോടെയാണ് അവരെ സ്വീകരിച്ചത്. ഒപ്പം മലയാളി താരം സഞ്ജു സാംസണും ആരാധകർ ജയ് വിളിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും താരങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്‌തു.

ഇന്നലെ പുലർച്ചെ തന്നെ ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് 5 മുതൽ എട്ട് വരെയും നാളെ ഉച്ചയ്‌ക്ക് 1 മുതൽ വൈകിട്ട് നാല് വരെയും ടീം സ്‌പോർട്‌സ് ഹബിൽ പരിശീലനം നടത്തും. ടീം ഇന്ത്യ നാളെ വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയാണ് പരിശീലനം നടത്തുക.