p

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 83 ലക്ഷം രൂപ വിലവരുന്ന ഒന്നരക്കിലോയിലധികം സ്വർണം പിടികൂടി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് 1634 ഗ്രാം സ്വർണം പിടിച്ചത്. മസ്ക്കറ്റിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്.

കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. എമർജൻസി ലൈറ്റിനുള്ളിൽ 14 തകിടുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സാബിറിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി.കമ്മിഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. .