kk

കണ്ണൂർ:

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിലെ അഴിമതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്നുപേർ അറസ്റ്റിൽ. എട്ടു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അബ്ജുൾ റഹ്മാൻ കല്ലായിക്കൊപ്പം കോൺഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്,​ യു. മഹ‌റൂഫ് എന്നിവരാണ് അറസ്റ്റിലായത്.

മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് പരാതി. പള്ളി കമ്മിറ്റി അംഗം നെടുവോട്ടുംകുന്നിലെ എം.വി. ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മട്ടന്നൂർ ജുമാ മസ്ജിദ്, ഇതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് കോടികൾ തട്ടിയെന്നാണ് കേസ്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരെയായിരുന്നു പരാതി. 3 കോടി ചെലവായ നിർമ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു.

കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ഇന്ന് രാവിലെ മുതൽ അബ്ദുൾ റഹ്മാൻ കല്ലായി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റാണ് അബ്ദുൽ റഹ്മാൻ കല്ലായി. ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കണമെന്ന് കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നിർദേശിച്ചിരുന്നു.

എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുൾ റഹ്മാൻ കല്ലായി അടക്കമുള്ളവർ പറയുന്നത്. നേരത്തെ തന്നെ കണക്കുകൾ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കിയതാണെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും പ്രതികൾ പറയുന്നു. അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.