pfi

മുംബയ്: എൻ ഐ എ ദേശവ്യാപകമായി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടയിൽ പാകിസാഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ പോപ്പുലർ ഫ്രണ്ട് പ്രവ‌ർത്തകർക്കെതിെര കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രതിഷേധത്തിനിടയിൽ പാകിസ്ഥാന് ജയ് വിളിച്ച പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ അറിയിച്ചു. ഛത്രപതി ശിവജിയുടെ നാട്ടിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളൊന്നും അനുവദിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫട്നാവിസും ഈ വിഷയത്തില്‍ വിമർശനം അറിയിച്ചു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും മഹാരാഷ്ട്രയിൽ മാത്രമല്ല രാജ്യത്തിലെവിടെയും ഇത്തരം മുദ്രാവാക്യങ്ങൾ അംഗീകരിക്കില്ലെന്നും ഇന്ത്യയിൽ പാകിസ്ഥാന്റെ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശവിരുദ്ധപ്രവ‌ർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിന് എൻ ഐ എ നടത്തിയ പരിശോധനകൾക്ക് പിന്നാലെ നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂനെയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ പരിപാടിയ്ക്കിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യത്താകെ കേന്ദ്ര ഏ‌ജൻസികളുടെ നേതൃത്വത്തിൽ റെയ്ഡുകൾ നടന്നതിനും നേതാക്കളെ അറസ്റ്റ് ചെയ്തതിനും എതിരെ പൂനെയിൽ ജില്ലാ കലക്ടറുടെ ഓഫീസിന് പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ 40-ാളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിലാണ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങിക്കേട്ടത്. അനുമതിയില്ലാതെ സംഘം ചേർന്നതിനും റോഡ്‌തടസ്സം സൃഷ്ടിച്ചതിനും മാത്രമായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ബണ്ട്ഗാർഡൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. വിഷയത്തിൽ കനത്ത ബി ജെ പി പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിയിൽ പരിശോധന നടത്തിയ മഹാരാഷ്ട്ര സർക്കാർ കർശന നടപടിയുമായി മുന്നോട്ട് വരികയായിരുന്നു.