
തിരുവനന്തപുരം : നിലവിലെ തെങ്ങിൻ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ - പരിപാലനമുറകൾ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേരളരക്ഷാവാരം ക്യാമ്പയിൻ ഒക്ടോബറിൽ നടപ്പിലാക്കും . മുൻവർഷങ്ങളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈവർഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിൻ നടത്തുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, തെങ്ങിൻ തടങ്ങളിൽ പച്ചില വളപ്രയോഗം, പച്ചില വള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീൽ, കൊമ്പൻ ചെല്ലി -ചെമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളുടെ നിയന്ത്രണമാർഗ്ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയാണ് ക്യാമ്പയിൻ അടിസ്ഥാനത്തിൽ നടപ്പിലാക്കുവാനു ദ്ദേശിക്കുന്നത്.
തെങ്ങിൻ തോപ്പുകളിൽ പച്ചിലവള ലഭ്യതയ്ക്കായി 1960-കളിൽ സംസ്ഥാനവ്യാപകമായി നടത്തിയിരുന്ന ശീമക്കൊന്ന വാരാചരണത്തിന്റെ പുനരാവിഷ്കരണം എന്ന നിലക്ക് കൂടി ഈ കാമ്പയിനെ കൃഷിവകുപ്പ് കാണുന്നു . 50 ലക്ഷം ശീമക്കൊന്ന കമ്പുകൾ സംസ്ഥാനവ്യാപകമായി നട്ടുപിടിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കമ്പ് ഒന്നിന് 2 രൂപ നിരക്കിൽ കർഷകന് നൽകിക്കൊണ്ട് MNREGA, അഗ്രോ സർവീസ് സെന്ററുകൾ, കർമസേന, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ ക്യാമ്പയിൻ നടപ്പിലാക്കും. പയറുവർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചില ചെടികളുടെ വിത്തുകൾ തെങ്ങിൻ തടങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിന് തടം ഒന്നിന് 6. 25 രൂപ സബ്സിഡിയും നൽകുന്നുണ്ട്. കേരഗ്രാമം, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതി ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ടായിരിക്കും സംസ്ഥാനതല കാമ്പയിൻ നടപ്പിലാക്കുക.