
കുട്ടികളുടെ ചില ചോദ്യങ്ങൾ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചുമിടുക്കിയുടെ ചോദ്യവും അതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അന്തരിച്ച മുൻ ഗവർണർ കെ ശങ്കരനാരായണന്റെ കൊച്ചുമകൾ പാർവതിയാണ് രാഹുൽ ഗാന്ധിയോട് ചോദ്യം ചോദിച്ചത്. പാലക്കാട് കുളപ്പുള്ളിയിൽ ഭാരത് ജോഡോ യാത്ര കാണാൻ അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പാർവതി.
വയസ് അൻപത് കഴിഞ്ഞല്ലോ, എന്നിട്ടും എന്താണ് ഇപ്പോഴും യൂത്ത് എന്ന് വിളിക്കുന്നതെന്നായിരുന്നു കുട്ടിയ്‌ക്ക് അറിയേണ്ടിയിരുന്നത്. മകളുടെ ചോദ്യം കേട്ടതോടെ അമ്മ ഞെട്ടി. ചിരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇതിന് മറുപടി നൽകിയത്.
'ഞാനെന്നെ സ്വയം യുവാവ് എന്ന് വിശേഷിപ്പിക്കാറില്ലല്ലോ. നാട്ടുകാർ പലതും വിളിക്കും. അവരുടെ സ്‌നേഹമാണത്. അതങ്ങനെ പോകട്ടെ.' എന്നായിരുന്നു രാഹുലിന്റെ മറുപടി. കിടിലൻ ചോദ്യം ചോദിച്ചതിന് സമ്മാനമായി പാർവതിക്ക് അദ്ദേഹം മിഠായിയും നൽകി.