athipazham

അത്തിപ്പഴത്തിന്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല. ഔഷധങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരു പ്രധാന ഫലമാണ് അത്തിപ്പഴം. ഇത് ഡ്രൈഫ്രൂട്ടായും ഉപയോഗിക്കാറുണ്ട്. രാത്രി രണ്ടോ മൂന്നോ അത്തിപ്പഴം വെള്ളത്തിലിട്ടു വയ്ക്കുക, രാവിലെ വെറും വയറ്റിൽ കഴിക്കുക. ദിവസവും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. എന്തൊക്കെയാണെന്ന് നോക്കാം...

അമിത വണ്ണവും കൊളസ്‌ട്രോളും കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു പഴവർഗമാണിത്. നാരുകളടങ്ങിയ ഇവയിൽ കുറഞ്ഞ കലോറിയാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. അതൊടൊപ്പം വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

ഓർമ്മ ശക്തി കൂട്ടാൻ സഹായിക്കുന്നു

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന പഴമാണിത്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് ഓർമ്മശക്തി കൂട്ടുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മലബന്ധം അൾസർ എന്നിവയ്ക്ക് പരിഹാരം

ഭക്ഷണക്രമത്തിലെ അപാകതകൾ കൊണ്ടും ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ടും ഉണ്ടാകുന്ന പ്രശ്നമാണ് അൾസർ. അൾസറിനെ അകറ്റാൻ അത്തിപ്പഴം സഹായിക്കുന്നു. കൂടാതെ ദഹനപ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മലബന്ധത്തിനും പരിഹാരമാണിത്.

പ്രമേഹം, ശ്വാസകോശ അണുബാധയ്ക്കുമുള്ള പരിഹാരം

അത്തിപ്പഴത്തിലടങ്ങിയിട്ടുള്ള പൊട്ടാസ്യവും ക്ലോറോജെനിക് ആസിഡും പ്രമേഹത്തിനുള്ള പരിഹാരമാണ്. കൂടാതെ ഫീനോൾ,ഒമേഗ6 ഫാറ്റി ആസിഡ് എന്നിവ ശ്വാസകോശ അണുബാധയ്ക്കും ഹൃദയത്തിനും വളരെ നല്ലതാണ്. ആസ്‌ത്‌മ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അത്തിപ്പഴം കഴിക്കുന്നത് ഏറെ ഗുണകരമാണ്.