shantidhariwalasokhgehlot

ന്യൂഡൽഹി: രാജസ്ഥാനിൽ സമാന്തര യോഗം ചേർന്നതിനെതിരെ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് മന്ത്രി ശാന്തി ധരിവാൾ. ഗലോട്ടിനെതിരെ ഹൈക്കമാൻഡ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാൾ ഉന്നയിച്ചിരുന്നു.

അതേസമയം, രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു. രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ​ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം​ഗത്തെത്തി. എന്നാൽ മാക്കൻ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്. ഇതിനിടെ പ്രശ്ന പരിഹാരത്തിന് കമൽനാഥ് ഗലോട്ടുമായും സച്ചിൻ പൈലറ്റുമായും സംസാരിക്കും. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം കാണും വരെ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം . എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് മധുസൂദൻ മിസ്ത്രി വ്യക്തമാക്കി .