asha-parekh

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടിയും സംവിധായികയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം.

Dadasaheb Phalke Award to be given to veteran actress Asha Parekh this year

(File Pic) pic.twitter.com/lGj5Kl92Oa

— ANI (@ANI) September 27, 2022

പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം വിതരണം ചെയ്യും. ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അദ്ധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാ പരേഖ്. ടെലിവിഷൻ സീരിയലുകളും അവർ സംവിധാനം ചെയ്‍തിട്ടുണ്ട്.


ഹിന്ദി സിനിമയിൽ ഏറ്റവും സ്വാധീനമുള്ള നടിമാരിൽ ഒരാളായി കണക്കാക്കിയിരുന്ന പരേഖ് 1960 കളിലും 1970 കളിലും ഏറെ തിളങ്ങി. ബാലതാരമായാണ് അവർ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. സിദ്ദി, ചിരാഗ്, ലവ് ഇൻ ടോക്കിയോ, ഹം സായാ,കന്യാദാന്‍, ഗുന്‍ഘട്ട്, തുടങ്ങി നിരവധി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും ആശാ പരേഖ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. രാജ് കപൂർ, ലതാ മങ്കേഷ്‌കർ, അമിതാഭ് ബച്ചൻ, വിനോദ് ഖന്ന തുടങ്ങിയവർക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്.