tourism

കൊച്ചി: കൊവിഡ് കാലം പിന്നിട്ട് ടൂറിസം മേഖല ഉണരുമ്പോൾ സഞ്ചാരികൾക്ക് ഏറ്റവും പ്രിയം മൂന്നാർ. മലബാർ മേഖലയിൽ വയനാട്ടിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. ഉത്തരേന്ത്യക്കാരാണ് ഇപ്പോൾ എത്തുന്നവരിൽ കൂടുതലും. ഇലക്ട്രോണിക് വിസ ലഭ്യമല്ലാത്തതും കൊവിഡ് ഭീതി അകലാത്തതും വിദേശികളുടെ വരവിനെ ബാധിച്ചു. ഇന്ന് ലോക ടൂറിസം ദിനം ആഘോഷിക്കുമ്പോൾ നല്ല കാലം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് സംരംഭകരും സർക്കാരും.

നവരാത്രി കാലത്ത് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉത്തരേന്ത്യൻ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയ്‌ക്ക് വലിയതോതിൽ ബുക്കിംഗുണ്ട്. വാരാന്ത്യങ്ങളിലും അവധിക്കാലത്തും വടക്കേയിന്ത്യക്കാർക്ക് പുറമെ മലയാളികൾ യാത്ര ചെയ്യുന്നതും കൂടി. കൊച്ചിയിലെത്തി മൂന്നാർ, തേക്കടി, ആലപ്പുഴ വഴി തിരുവനന്തപുരം സന്ദർശിച്ച് മടങ്ങുന്നതാണ് പുതിയ ട്രെൻഡ്. ഹിൽ സ്റ്റേഷനെന്നതും തൊട്ടടുത്ത് കർണാടകമുള്ളതും വയനാട്ടിനെ ഹിറ്റാക്കുന്നു.

വാഗമണ്ണിൽ സൗകര്യങ്ങൾ കൂടിയതോടെ ഇഷ്‌ടപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടായി. അതിരപ്പിള്ളി, വാഴച്ചാൽ, ജഡായുപ്പാറ എന്നിവിടങ്ങളിലേക്കും ആളുകളുടെ ഒഴുക്കാണ്. മഹാരാഷ്ട്രക്കാർ കൂടുതലെത്തുമ്പോൾ രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ തൊട്ടുപിന്നിലുണ്ട്.

വിദേശികളെ കാത്ത്

വിദേശികളുടെ വരവ് തുടങ്ങിയിട്ടില്ല. ഏറ്റുവമധികം പേരെത്തുന്ന യു.കെയിലെ വിസ നിബന്ധനയാണ് പ്രധാന തടസം. ഇലക്ട്രോണിക് വിസയ്‌ക്ക് പകരം മാന്വൽ വിസയാക്കിയതാണ് കാരണം. കാനഡ, ബഹ്റൈൻ സഞ്ചാരികളും വരുന്നില്ല. വൻതുക ചെലവഴിക്കുന്ന വിദേശികൾ എത്തിയാലേ സമ്പദ്‌രംഗവും കരുത്താർജിക്കൂ.