ആശാ പരേഖിന് ഫാൽക്കെ ബഹുമതി ജന്മദിന സമ്മാനമാണ്.ഒക്ടോബർ രണ്ടിന് ആശക്ക് എൺപത് വയസ് തികയും
 

ബാലനടിയായിട്ടായിരുന്നു ആശാ പരേഖിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം.ബേബി ആശാ പരേഖ് എന്ന പേരിൽ ആദ്യം അഭിനയിച്ച രണ്ട് ചിത്രങ്ങളുടെയും സംവിധായകൻ സാക്ഷാൽ ബിമൽ റോയിയായിരുന്നു.എന്നാൽ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായി ആശ സിനിമ വിട്ടു.പിന്നെ തിരിച്ചു വരുന്നത് പതിനാറാം വയസിലായിരുന്നു.വിജയ് ഭട്ടിന്റെ ഗൂർജ് ഉർതി ഷെഹനായ് എന്ന ചിത്രത്തിൽ നായികയാകാൻ അവസരം വന്നെങ്കിലും നായികയാകാനുള്ള ഗ്ളാമറില്ലെന്നു പറഞ്ഞ് സംവിധായകൻ തിരിച്ചയച്ചു.എന്നാൽ എട്ടു ദിവസത്തിനകം ദിൽ ദേകോ ദേഖോ(1959)എന്ന നസീർ ഹുസൈൻ ചിത്രത്തിൽ നായികയായി കരാർ ചെയ്യപ്പെട്ടു.ഷമ്മി കപൂറായിരുന്നു നായകൻ.പിന്നീട് ആശയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1960 കളിലും 70കളിലും ഹിന്ദി ചലച്ചിത്രലോകം അടക്കിവാണ താരറാണിയായി അവർ മാറി.അക്കാലത്ത് ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന നടിയും ആശയായിരുന്നു.പ്രേക്ഷകർക്കിടയിൽ ഏറ്റവും സ്വാധീനശേഷിയുള്ള നടിയായും അവർ അറിയപ്പെട്ടു.1992 ൽ രാജ്യം പദ് മശ്രീ നൽകി ആദരിച്ചു.ഗുജറാത്തി മുസ്ലിമായ സാൽമ പരേഖിന്റെയും ഹിന്ദുവായ ബാഹുബായി പരേഖിന്റെയും മകളായിട്ടാണ് ജനനം.ബാല്യത്തിലെ നൃത്തം അഭ്യസിച്ചിരുന്നു.
ജബ് പ്യാർ കിസീസെ ഹോത്താ ഹെ(1961) ഫിർ വോഹി ദിൽ ലയാ ഹൂൺ (19613 ,തീസരി മൻസിൽ(1966) ബഹാരോം കി സപ്നെ (1967) പ്യാർ കാ മൗസം (1969) കാരവൻ (1971)എന്നിങ്ങനെ തുടർച്ചയായി നസീർ ഹുസൈന്റെ ആറു ചിത്രങ്ങളിൽ ആശാ പരേഖ് നായികയായി.1984 ൽ മൻസിൽ മൻസിൽ എന്ന ഹുസൈന്റെ ചിത്രത്തിലും അഭിനയിച്ച പരേഖ് ബോളിവുഡ്ഡിലെ ഗ്ളാമർ ഗേളായിട്ടാണ് മുദ്രകുത്തപ്പെട്ടത്. അവർക്കാദ്യം വ്യത്യസ്ഥ വേഷങ്ങൾ നൽകിയത് രാജ് ഖോസ്ലയായിരുന്നു.അദ്ദേഹത്തിന്റെ ദോ ബദൻ,ചിരാഗ് ,മേം തുളസി തേരെ ആംഗൻ കി എന്നീ മൂന്ന് ചിത്രങ്ങൾ വൻ വിജയമായി.നടിയെന്ന നിലയിൽ ആശാ പരേഖിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.സംവിധായകനായ ശക്തി സാമന്ത കുറേക്കൂടി ശക്തമായ കഥാപാത്രങ്ങൾ ആശയ്ക്കു നൽകിയെന്നു പറയാം.പാഗ്ല കഹീൻ കാ, കട്ടി പതംഗ് എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി.കട്ടി പതംഗിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.അക്കാലത്തെ പ്രമുഖ സംവിധായകരൊക്കെ തങ്ങളുടെ ചിത്രങ്ങളിൽ ആശയെ നായികയാക്കി. ഹിന്ദിയിൽ കത്തി നിൽക്കുമ്പോൾതന്നെ മാതൃഭാഷയായ ഗുജറാത്തി ചിത്രങ്ങളിൽ അഭിനയിക്കാനും ആശ സമയം കണ്ടെത്തി.പഞ്ചാബി ,കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഷമ്മി കപൂർ, ദേവാനന്ദ്, രാജേഷ്ഖന്ന, ധർമ്മേന്ദ്ര,ധാരാസിംഗ് എന്നീ നായകർക്കൊപ്പം അനവധി ചിത്രങ്ങളിൽ ആശ നായികയായിരുന്നു.ഹിന്ദി സിനിമയുടെ സുവർണകാലത്തെ നായികയെന്നു ആശാ പരേഖിനെ വിശേഷിപ്പിക്കാം.
നായികാ വേഷങ്ങൾ പിന്നിട്ടതോടെ അമ്മ-സഹോദരി കഥാപാത്രങ്ങളിലേക്കായി ആശയുടെ യാത്ര.അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച കാലിയ ഇക്കൂട്ടത്തിൽ പെടുന്നു.പക്ഷേ ഈ കാലഘട്ടം തന്റെ കരിയറിലെ മോശം സമയമായിട്ടാണ് അവർ സ്വയം വിശേഷിപ്പിച്ചത്.അതോടെ അഭിനയം നിറുത്തുകയും ടെലിവിഷൻ സീരിയലുകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.ചലച്ചിത്ര സംഘടനകളിലൊക്കെ ഭാരവാഹിയായിരുന്നു.ഫിലിം സെൻസർ ബോർഡ് അദ്ധ്യക്ഷയായും പ്രവർത്തിച്ചു.
ആശയുടെ ആത്മകഥയായ ഹിറ്റ് ഗേൾ പത്രപ്രവർത്തകനും സംവിധായകനുമായ ഖാലിദ് മുഹമ്മദ് എഴുതിയിട്ടുണ്ട്.അവിവാഹിതയായി കഴിയുന്ന ആശാ പരേഖിന് നസീർ ഹുസൈനുമായുള്ള അടുപ്പം ഏറെ ചർച്ചാ വിഷയമായിരുന്നു.ആത്മകഥയിൽ ഈ അടുപ്പം അവർ തുറന്നു സമ്മതിക്കുന്നുമുണ്ട്.ഡാൻസ് അക്കാഡമിയും മുംബൈ സാന്താക്രൂസിലെ ആശാ പരേഖ് ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളുും കാരുണ്യപ്രവർത്തനങ്ങളുമായി കഴിയുമ്പോഴാണ് ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ആശാ പരേഖിനെ തേടിയെത്തുന്നത്.