
ചെന്നൈ: ഇന്ത്യ എ-ന്യൂസിലാന്റ് എ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് ഗംഭീര വിജയം. 106 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്. ഇതോടെ ടെസ്‌റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ന്യൂസിലാന്റിനെതിരെ ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിച്ച നായകൻ സഞ്ജു സാംസൺ ആരാധകരുടെ ആവേശം വാനോളമുയർത്തി.
ടോസ് നേടിയ ടീം ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. 49.3 ഓവറിൽ 284ന് ഇന്ത്യ ഓൾ ഔട്ടായി. ക്യാപ്‌റ്റൻ സഞ്ജു അടക്കം മൂന്ന് താരങ്ങൾ അർദ്ധസെഞ്ചുറി നേടി. 68 പന്തിൽ നിന്നും ഒരു ഫോറും രണ്ട് സിക്‌സുമടക്കം സഞ്ജു 54 റൺസ് നേടി. തിലക് വർമ്മ 62 പന്തിൽ നിന്നും 50 റൺസ് നേടി. വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവച്ച ശാർദ്ദുൽ ധാക്കൂർ 33 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 51 റൺസ് നേടി. ന്യൂസിലാന്റിന് വേണ്ടി ജേക്കബ് ഡഫി,മാത്യു ഫിഷർ,മൈക്കൽ റിപ്പൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റിന് വേണ്ടി ഓപ്പണർ ഡേൻ ക്ളെവറിന് മാത്രമേ അർദ്ധ സെഞ്ചുറി നേടാനായുളളു. 89 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്‌സുമടക്കം ഡേൻ 83 റൺസ് നേടി. അഞ്ച് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തിയ രാജ് ബാവയുടെ മിന്നും പ്രകടനം ന്യൂസിലാന്റിന് വിനയായി. 38.3 ഓവറിൽ 178ന് കിവീസ് പോരാട്ടം പൂർണമായും അവസാനിച്ചു.