
ബീജിംഗ്: ചൈനയിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഷീ ജിൻപിംഗിനെ പുറത്താക്കിയെന്നും ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയയുടൻ ചൈനീസ് പ്രസിഡന്റിനെ തടവിലാക്കിയെന്നും വാർത്ത പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഇപ്പോഴിതാ അഭ്യൂഹങ്ങളെയെല്ലാം തളളി ഷിയുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
സ്‌റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളിൽ ഷി ജിൻപിംഗ് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ഒരു പ്രദർശനം സന്ദർശിക്കുന്നതായാണ് കാണുന്നത്. ഉസ്‌ബെക്കിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഏകദേശം ഒരാഴ്‌ചയോളം കഴിഞ്ഞാണ് ഷി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം മുതലാണ് ഷീയെ പീപ്പിൾസ് ലിബറേഷൻ ആർമി വീട്ടുതടങ്കലിലാക്കിയെന്നും സൈനിക ജനറലും നോർത്തേൺ തിയേറ്റർ കമാൻഡിന്റെ കമാൻഡറുമായ ലി ക്വിയോമിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നുമുള്ള തരത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ ട്വിറ്ററിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. വിദേശത്ത് താമസമാക്കിയത് ഉൾപ്പെടെയുള്ള ചൈനീസ് പൗരന്മാർ തന്നെയാണ് വാർത്തകൾ ട്വീറ്റ് ചെയ്തത്. വാർത്ത സത്യമാകാനിടയില്ലെന്ന് ഒരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.