
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ (പി എഫ് ഐ) നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. അഞ്ച് വർഷത്തേക്കാണ് നിരോധനം. യു എ പി എ നിയമപ്രകാരമാണ് പി എഫ് ഐ നിരോധിച്ചത്. സംഘടന ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്.
പോപ്പുലർ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും, സംഘടനയ്ക്ക് ഐ സി സ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേരളത്തിൽ നടന്ന മൂന്ന് കൊലപാതകങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സഞ്ജിത്ത്, അഭിമന്യു, ബിപിൻ എന്നിവരുടെ കൊലപാതകത്തെക്കുറിച്ചാണ് ഉത്തരവിൽ പറയുന്നത്. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാരുകൾ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശുപാർശ ചെയ്തുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Central Government declares PFI (Popular Front of India) and its associates or affiliates or fronts as an unlawful association with immediate effect, for a period of five years. pic.twitter.com/ZVuDcBw8EL
— ANI (@ANI) September 28, 2022
ക്യാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ വിമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചു. സംഘടനയിൽ പ്രവർത്തിക്കുന്നത് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
രാജ്യ വ്യാപക റെയിഡിനും നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തതിനും പിന്നാലെയാണ് പി എഫ് ഐയും അനുബന്ധ സംഘടനകളും നിരോധിച്ചത്. രാജ്യവ്യാപകമായി രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ പരിശോധന നടത്തിയത്.