
വണ്ണം കുറയ്‌ക്കാൻ പെടാപ്പാട് പെടുകയാണോ? എങ്കിൽ ഇതൊന്ന് കേട്ടോളൂ. പട്ടിണി കിടന്ന് തടി കുറയ്‌ക്കാമെന്ന് കരുതേണ്ട. അമിതവണ്ണം കുറയ്‌ക്കുമെന്ന് മനസുകൊണ്ട് ആദ്യമേ തീരുമാനിക്കുക. ഒരു സുപ്രഭാതത്തിൽ വണ്ണം കുറച്ച് പഴയ പോലെയാകാമെന്ന് കരുതുകയും വേണ്ട. പോഷകപ്രദമായ ആഹാരം ആവശ്യത്തിന് മാത്രം കഴിച്ച് വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക.
ഭക്ഷണത്തിൽ തവിടുകളയാത്ത അരി, ഗോതമ്പ്, റാഗി, പഴങ്ങൾ, പച്ചക്കറി, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തണം. നിത്യവും പത്തുഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്‌ക്കും. കഴിക്കുന്ന ഓരോ വിഭവത്തിന്റെയും ഏകദേശ കലോറി കണക്ക് മനസിലാക്കുക. എന്നിട്ട് നിങ്ങൾക്ക് ഒരു ദിവസം വേണ്ട കലോറിയും കണക്കാക്കണം. രാത്രിയിൽ ഒരിക്കലും വാരിവലിച്ചു തിന്നരുത്. ഒരുപാട് കലോറിയുടെ ആവശ്യമൊന്നും സാധാരണ ഒരാൾക്ക് വേണ്ടി വരില്ല.