actress

കോഴിക്കോട്: കോഴിക്കോട്ടെ ഷോപ്പിംഗ് മാളിൽ സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിർമ്മാതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്ന മാളിൽ പൊലീസ് സംഘമെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിനിടെ അക്രമത്തിനിരയായ യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസ് ഉൾപ്പെട്ട സംഘം കണ്ണൂരിലേയ്ക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. ഫറോക്ക് എസിപിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞദിവസം രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍നടന്ന ചടങ്ങിന് പിന്നാലെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളില്‍ തടിച്ചുകൂടിയിരുന്നത്. തുടര്‍ന്ന് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ തല്ലാനൊരുങ്ങുകയും ചെയ്തു.

സംഭവത്തിന് ശേഷം അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. മരവിപ്പിക്കുന്ന അനുഭവമാണുണ്ടായതെന്നും എവിടെയാണ് കയറിപ്പിടിച്ചതെന്ന് പറയാന്‍ അറപ്പുതോന്നുകയാണെന്നും ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്നും നടി ചോദിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പലയിടങ്ങളിലും പോയിട്ടും അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായതെന്നും നടി പറഞ്ഞിരുന്നു.