pfi

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ ബോംബ് നിർമാണം സംബന്ധിച്ച മാനുവൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസികൾ. രണ്ടാഴ്ചയോളമായി രാജ്യവ്യാപകമായി എൻ ഐ എയും, ഇഡിയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമായി നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് പുതിയ വിവരം.

ഇന്നുരാവിലെ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ (പി എഫ് ഐ) നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. അഞ്ച് വർഷത്തേക്കാണ് നിരോധനം. യു എ പി എ നിയമപ്രകാരമാണ് പി എഫ് ഐ നിരോധിച്ചത്. സംഘടന ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ഭീകരപ്രവർത്തനം സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം പുറത്തുവിടുന്നത്.

എളുപ്പത്തിൽ ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ച് ഐ ഇ ഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഡിവൈസ്) പോലുള്ള ബോംബുകൾ എങ്ങനെ നിർമിക്കാമെന്ന് വിശദീകരിക്കുന്ന ലഘുലേഖകൾ പരിശോധനയിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി. ഉത്തർപ്രദേശ് ബരബംകിലെ പി എഫ് ഐ നേതാവ് മുഹമ്മദ് നദീമിന്റെ പക്കൽ നിന്നാണ് രേഖകൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിത്. സമാന രേഖ യുപിയിലെ ഖാദ്രയിൽ നിന്നുള്ള പി എഫ് ഐ നേതാവ് അഹമ്മദ് ബെഗ് നാദ്‌വിയിൽ നിന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

കൂടാതെ കുറ്റം സ്ഥിരീകരിക്കുന്ന നൂറ് കണക്കിന് മറ്റ് തെളിവുകൾ റെയ്‌ഡിൽ ലഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.മിഷൻ 2047 (അടുത്ത 25 വർ‌ഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി) സംബന്ധിച്ച ലഘുപത്രിക, സിഡി എന്നിവ മഹാരാഷ്ട്രയിലെ പി എഫ് ഐ ഉപാദ്ധ്യക്ഷന്റെ വീട്ടിൽ നിന്ന് ലഭിച്ചതായും ഐസിസ്, ഗജ്വാ- ഇ- ഹിന്ദ് എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവുകൾ യുപിയിയെ പി എഫ് ഐ നേതാവിന്റെ പക്കൽ നിന്ന് ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിൽ പി എഫ് ഐയുടെയും അനുബന്ധ സംഘടനകളുടെയും സാന്നിദ്ധ്യമുണ്ടെന്നും പല സംസ്ഥാനങ്ങളിലായി 1300ലേറെ ക്രിമിനൽ കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും, സംഘടനയ്ക്ക് ഐ സി സ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും നിരോധനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കേരളത്തിൽ നടന്ന മൂന്ന് കൊലപാതകങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സഞ്ജിത്ത്, അഭിമന്യു, ബിപിൻ എന്നിവരുടെ കൊലപാതകത്തെക്കുറിച്ചാണ് ഉത്തരവിൽ പറയുന്നത്. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാരുകൾ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശുപാർശ ചെയ്തുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.