eyebrow

മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് പുരികവും കണ്ണുകളും. അതിനാൽ തന്നെ പുരികത്തെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും നിങ്ങളുടെ മുഖത്തെ ബാധിക്കുന്നു. താരൻ, ചൊറിച്ചിൽ, മുടികൊഴിച്ചിൽ എന്നിവയെല്ലാം പുരികത്തിൽ വരാറുള്ള പ്രശ്നങ്ങളാണ്. ഇത് തടയാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പല മാർഗങ്ങളുമുണ്ട്. ഇവ ചെയ്യുന്നതിലൂടെ പ്രശ്നങ്ങൾ മാറി പുരികം നല്ല കട്ടിയായി വളരാൻ സഹായിക്കുന്നു. ഈ മാർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കറ്റാർവാഴ

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയും. പുരികത്തിലെ മുടി കൊഴിയുന്നതിന് ഒരു പരിഹാരമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് പുരികത്തില്‍ തേക്കുന്നത് വളരെ നല്ലതാണ്. തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുരികം നന്നായി വളരാന്‍ കറ്റാര്‍വാഴ സഹായിക്കും.

പാൽ

വളരെയധികം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതാണ് പാലും പാല്‍ ഉത്പ്പന്നങ്ങളും. മുടി നല്ല കട്ടിയായി വളരുന്നതിന് ഇത് സഹായിക്കുന്നു. ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കിയ ശേഷം പുരകത്തില്‍ തുടയ്ക്കുക. കുറച്ച് സമയത്തിന് ശേഷം നിങ്ങളുടെ ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

ആവണക്കെണ്ണ

പുരികത്തിലെ രോമവളര്‍ച്ചയെ സഹായിക്കുന്ന സവിശേഷമായ രാസഘടനയാണ് ആവണക്കെണ്ണയ്ക്കുള്ളത്. കുറച്ച് ആവണക്കെണ്ണ പുരട്ടി പുരികം നന്നായി മസാജ് ചെയ്യുക. കുറച്ച് ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പുരികത്തിലുണ്ടാകുന്ന ചൊറിച്ചിലും ബുദ്ധിമുട്ടുകളും മാറി നല്ല കട്ടിയിൽ പുരികം വളരും.

വെളിച്ചെണ്ണ, നാരങ്ങാനീര്

പുരികം വളരാനുള്ള മാര്‍ഗങ്ങളില്‍ വളരെ പ്രശസ്തമാണ് വെളിച്ചെണ്ണയും നാരങ്ങ നീരും. വൈറ്റമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഉറവിടമാണ് നാരങ്ങ നീര്. നാരങ്ങ നീരും വെളിച്ചെണ്ണയും യോജിപ്പിച്ച ശേഷം ഇത് പഞ്ഞിയില്‍ മുക്കിയെടുത്ത് ഉറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് പുരികങ്ങള്‍ മസാജ് ചെയ്യുക.