ചിക്കൻ വിഭവങ്ങൾ വ്യത്യസ്തമായ രീതിയിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും ഭക്ഷണപ്രിയർ. സ്ഥിരം രുചികൾ ഒഴിവാക്കി പുതിയവ കണ്ടെത്തുമ്പോൾ കിട്ടുന്ന സന്തോഷവും വലുതാണ്. അത്തരത്തിൽ ഒരു വ്യത്യസ്തമായ വിഭവമാണ് ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ പ്രിയതാരം മായ മൗഷ്‌മി പരിചയപ്പെടുത്തുന്നത്. ഇളനീർ ചിക്കനാണ് ഇന്നത്തെ സ്‌പെഷ്യൽ വിഭവം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചിക്കൻ, സവാള ചെറുതായി അരിഞ്ഞത്, കറിവേപ്പില, കാന്താരി മുളക് അല്ലെങ്കിൽ പച്ചമുളക്, കുരുമുളക് പൊടി, പച്ചമുളക്-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അധികം കട്ടിയില്ലാത്ത കരിക്ക്, കരിക്കിൻ വെള്ളം, കസ്‌തൂരി മേഹ്‌ത്തി, അണ്ടിപ്പരിപ്പ് എന്നിവയാണ് ഇളനീർ ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

food

ഒരു പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് വഴറ്റിയെടുക്കണം. പച്ചമണം മാറിവരുമ്പോൾ കറിവേപ്പില ചേർക്കാം. ശേഷം സവാള ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് പച്ചമുളക് കീറിയത് ചേർത്ത് നന്നായി വഴറ്റണം. ഇതിൽ ഒരു സ്പൂൺ കുരുമുളക് പൊടി ചേർത്തുകൊടുക്കാം. ഇനി മഞ്ഞൾ ചേർത്ത ചിക്കൻ വഴറ്റി വച്ചിരിക്കുന്ന കൂട്ടിലേയ്ക്ക് ചേർത്ത് യോജിപ്പിക്കാം. ഇനി കരിക്കിൻ വെള്ളം ചേർത്ത് ചിക്കൻ വേവിക്കണം. ഇത് വേകുന്നതിനിടെ കരിക്കും അണ്ടിപ്പരിപ്പും ഒരുമിച്ച് അരച്ചെടുക്കണം. ഇത് കുറച്ച് കരിക്കിൻ വെള്ളവും കൂടി ചേർത്ത് ചിക്കനിലേയ്ക്ക് ചേർത്തുകൊടുക്കാം. അവസാനമായി കസ്തൂരി മേത്തി കയ്യിൽ വച്ച് പൊടിച്ച് കറിയിൽ തൂകികൊടുക്കണം. കുറച്ചുനേരം അടച്ച് വച്ച് വേവിച്ചുകഴിഞ്ഞാൽ ഇളനീർ ചിക്കൻ തയ്യാർ.