
ന്യൂഡൽഹി: ബി.ജെ.പി മുൻ നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കായി അഭിഭാഷകർ കോടതിയിൽ ഹാജരാകില്ല. കോട്ദ്വാർ കോടതയിലെ ബാർ അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ഇരയുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാർ 25,00,000 രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവം വിശദീകരിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഇന്നലെ ഡൽഹിയിലെത്തി. തുടർന്ന് പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കേസിന്റെ വിശദാംശങ്ങൾ പങ്കുവച്ചു. സംഭവം ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിന് വലിയ നാണക്കേടാണുണ്ടാക്കിയത്.