തിരുവനന്തപുരം: എം.ഡി.എം.എയുമായി കടയ്ക്കാവൂരിൽ നിന്ന് തിരുവനന്തപുരം റൂറൽ പൊലീസ് പിടികൂടിയ ശബരീനാഥ് എൽ.എൽ.ബി, ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരി. പഠനത്തിൽ അഗ്രഗണ്യനായിരുന്ന ശബരീനാഥ് നാട്ടിലെ ഭേദപ്പെട്ട കുടുംബത്തിലെ അംഗമാണ്. പഠനകാലത്ത് നാട്ടിലെ ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിക്കിടെ പെരുങ്കുഴി നാലുമുക്ക് സ്വദേശി സതീശനെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ പതിനേഴംഗസംഘത്തിനൊപ്പം ജയിലിലായതാണ് ശബരീനാഥിന്റെ ജീവിതം മാറ്റിമറിച്ചത്. കേസിലെ പ്രതികളെ വിചാരണകോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. പിന്നീട് അപ്പീലിൽ പുറത്തിറങ്ങിയ ശബരീനാഥ് ജയിലിൽ വച്ചാണ് എൽ.എൽ.ബി പാസായത്. പിന്നീട് സി.എ ബിരുദവും നേടി. എന്നാൽ ജയിലിലെ ജീവിതം ശബരീനാഥിനെ കൊടുംക്രിമിനലാക്കി. ജയിൽ പുള്ളികളുമായുള്ള സൗഹൃദത്തിൽ കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ ഇയാൾ പിന്നീട് ഇതിന്റെ കടത്തുകാരനാവുകയായിരുന്നു. ഇതിനിടെ നിരവധി ക്രിമിനൽ കേസുകളിലും അകപ്പെട്ടു. നിയമപഠനത്തിൽ അഗ്രഗണ്യനായിരുന്ന ശബരീനാഥ് പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത കേസുകളിൽ പലതിൽ നിന്നും തന്റെ നിയമ പരിജ്ഞാനത്താൽ തലയൂരി. അടുത്തിടെ ചിറയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാളുടെ നിയമബിരുദം പൊലീസിന് പുലിവാലായി. വാഹനത്തിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ശബരീനാഥനെതിരെ കേസ് രജിസ്റ്റർ ചെയ്തതിലെ പിഴവാണ് പൊലീസിന് പണിയായത്. പിടിക്കപ്പെട്ടതിന് അടുത്ത ദിവസമാണ് കേസെടുത്തത്. വാഹനപരിശോധനയ്ക്കിടെ റോഡിൽ വച്ച് കഞ്ചാവുമായി പിടിയിലായെന്നായിരുന്നു കേസ്. എന്നാൽ പൊലീസ് കേസെഴുതിയ സമയത്ത് തന്റെ വാഹനം റോഡിലല്ല കസ്റ്റഡിയിലായിരുന്നുവെന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനത്തിന്റെ രേഖകൾ ഹാജരാക്കി ശബരീനാഥ് കോടതിയിൽ സമർത്ഥിച്ചത് പൊലീസിന് അടിയായി. മയക്കുമരുന്ന് കടത്തിൽ നിന്നുള്ള കണക്കില്ലാത്ത വരുമാനമാണ് ഇയാളെ മയക്കുമരുന്ന് മാഫിയയുടെ തലവനാക്കിയത്. ജില്ലയ്ക്കകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ ഇയാൾ കോടികളുടെ വസ്തുവകകൾ സമ്പാദിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ആഡംബര വാഹനങ്ങളമുണ്ട്. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കാപ്പ ചുമത്താനും നടപടി കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.