karuvannur-bank

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പമം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ‌ർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കേരള ബാങ്കിൽ നിന്നടക്കം വായ്പ എടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. പണം തിരിച്ചു കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും നിക്ഷേപ തുക മുഴുവനും തിരിച്ചു നൽകാനും യോഗം തിീരുമാനിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം അത്യാവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാർക്ക് പണം തിരികെ നൽകിയതിന്റെ രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

2021 ജൂലായിലാണ് കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകരുടെ 312 കോടിയിലധികം രൂപ തട്ടിയെടുത്ത വാർത്ത പുറത്തുവന്നത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ ബാങ്കിൽ കണ്ടെത്തിയിരുന്നു. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.