finger

രണ്ട് വ്യക്തികൾ തമ്മിലും രണ്ട് മനസുകൾ തമ്മിലും പുതിയൊരു ബന്ധമുണ്ടാകുന്നതാണല്ലോ വൈവാഹിക ബന്ധം. വിവിധ നാടുകളിലെ സംസ്‌കാരത്തിൽ വിവാഹ ചടങ്ങുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ വിവാഹ ചടങ്ങിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വിവാഹ മോതിരം അണിയിക്കുന്നത്. വലംകൈയിലെ നാലാമത്തെ വിരലിലാണ് ഭാരതത്തിൽ വിവാഹമോതിരം അണിയിക്കുക. ഓരോ വിരലും ഓരോ തരത്തിൽ പ്രാധാന്യമർഹിക്കുന്ന വ്യക്തികൾക്ക് വേണ്ടിയുള‌ളതാണ്. ഇത്തരത്തിൽ നാലാംവിരലിൽ പ്രിയപ്പെട്ട വ്യക്തിക്കാണ് നാം മോതിരം അണിയിക്കുക. വിവാഹബന്ധത്തിൽ അത് നമ്മുടെ ജീവിത പങ്കാളിയ്‌ക്കാണ്.

കേവലമൊരു അലങ്കാര വസ്‌തുവല്ല വിവാഹ മോതിരം. അത് ആത്മീയതലത്തിൽ ബന്ധിപ്പിക്കുന്ന, ഹൃദയങ്ങൾ തമ്മിലുമുള‌ള ചേർച്ചയെ കാണിക്കുന്നു. ഒരു കൈപ്പത്തിയിലെ ചെറുവിരൽ കുട്ടികൾക്കും മോതിര വിരൽ ഇഷ്‌ടപ്പെട്ട വ്യക്തിയ്‌ക്കും, നടുവിരൽ സ്വയമേയും, ചൂണ്ടുവിരൽ സഹോദരങ്ങളെയും പെരുവിരൽ മാതാപിതാക്കളെയും സൂചിപ്പിക്കുന്നതാണ്.

ഹൃദയവുമായി ബന്ധപ്പെട്ട ഒരു സിര മോതിര വിരലിൽ നിന്നും ആരംഭിക്കുന്നുണ്ട്. ഇതിനാലാണ് ആ വിരലിൽ മോതിരം അണിയുന്നതെന്നും വിശ്വാസമുണ്ട്. അതിപുരാതനകാലം മുതലേ വിവാഹബന്ധത്തിലേർപ്പെടുന്നവ‌ർ ഇത്തരത്തിൽ എന്തെങ്കിലും ആഭരണം അണിയുന്ന പതിവുണ്ട്. ചൈനീസ് സംസ്‌കാരത്തിലും ഗ്രീക്ക്, റോമൻ സംസ്‌കാരത്തിലും അമേരിക്കയിലും ഇത്തരത്തിൽ മോതിര വിരലിൽ ദമ്പതികൾ മോതിരം അണിയിക്കുന്ന പതിവുണ്ട്. ഇരു മനസുകളും ഒന്നാകുന്ന സൂചനയേകുന്ന മനോഹരമായ ആചാരമായി അതിന്നും തുടരുകയാണ്.