ttw

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യിൽ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റിന്റെ മിന്നുന്ന ജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ടീം ഇന്ത്യയുടെ നായകനും മുൻ നായകനും നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവും ഉപനായകൻ കെ എൽ രാഹുലും ചേർന്ന് വിജയത്തിലെത്താൻ ഇന്ത്യയെ സഹായിച്ചു.

107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിൽ റണ്ണൊന്നും നേടാതെ ക്യാപ്‌റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്‌ടമായി. തുടർന്ന് വന്ന കൊഹ്‌ലി(3) ഉടൻ പുറത്തായി. എന്നാൽ പിന്നീടെത്തിയ സൂര്യകുമാർ യാദവിനൊപ്പം കെ.എൽ രാഹുൽ മികച്ച കൂട്ടുകെട്ട് തന്നെ പടുത്തുയർത്തി. 20 പന്ത് ബാക്കി നിൽക്കെ അനായാസം ഇന്ത്യ വിജയലക്ഷ്യത്തിലെത്തി. രാഹുൽ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 56 പന്തിൽ 51 റൺസ് നേടി. സൂര്യകുമാർ 33 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയുമടക്കം 50 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി നോട്‌ജെ, റബാഡ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. ആദ്യ 10 റൺസ് നേടും മുൻപേ ദക്ഷിണാഫ്രിക്കയുടെ അഞ്ച് മുൻനിര ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ കൂടാരത്തിലെത്തിച്ചു. സ്ഥിരമായി തല്ലുവാങ്ങുന്ന പരാതിയുള‌ള ഇന്ത്യൻ ബൗളർമാരെ കളിക്കാൻ ആദ്യ പവർപ്ളെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കായില്ല. സ്‌പിന്നർ കേശവ് മഹാരാജിന്റെ ഇന്നിംഗ്‌സാണ്(35 പന്തിൽ 41) ദക്ഷിണാഫ്രിക്കയ്‌ക്ക് നാണക്കേടിൽ നിന്നും കരകയറാൻ സഹായിച്ചത്. എയ്‌ഡൻ മാർക്‌റം (24 പന്തിൽ 25), വെയിൻ പാർണൽ(37 പന്തിൽ 24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള‌ളവർ. അർഷ്‌ദീപ് സിംഗ്(32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്), ദീപക് ചഹർ(24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ്), ഹർഷൽ പട്ടേൽ (26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ്) എന്നിവർ‌ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ്‌നിരയെ തകർത്തു. അവരുടെ നാല് ബാറ്റ‌ർമാർക്ക് റണ്ണൊന്നും നേടാനാകും മുൻപ് പുറത്താകേണ്ടി വന്നു. ഇതിൽ മൂന്നുപേരും ആദ്യ പന്തിലാണ് പുറത്തായത്. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുള‌ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.